ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ ഇന്ത്യ:ഉപയോഗിക്കുക തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ

0
170

ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ ആഗോള നിർമാതാക്കളെ ക്ഷണിക്കാൻ ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ താത്പര്യമുള്ളവരെയാണ് രാജ്യത്തേക്ക് ക്ഷണിക്കുന്നത്.
ലോകത്ത് വളരെ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് നിലവിൽ ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ ഇന്ത്യ മുന്നേറുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ സ്വന്തമായി പ്രോട്ടോടൈപ്പ് നിർമിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗിക്കാൻ പറ്റുന്ന ഊർജസ്രോതസ്സുകളിലേക്ക് മാറണമെന്നും ഹരിത ഊർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളിൽ (DEMU) ഹൈഡ്രജൻ ഇന്ധന സെല്ലുകൾ സംയോജിപ്പിച്ച് മെച്ചപ്പെടുത്താനുള്ള സാങ്കേതിക വിദ്യയാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ഡീസലിൽ ഓടുന്ന ട്രെയിനുകളെക്കാൾ പ്രകൃതിസൗഹൃദമാണ് ഹൈഡ്രജൻ ട്രെയിനുകൾ. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഹൈ‍ഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കുന്നത്.

ഒരു ട്രെയിന് 80 കോടിയും ട്രെയിൻ ഓടിക്കുന്ന റൂട്ടുകളിൽ അടിസ്ഥാനസൗകര്യ നിർമാണത്തിന് 70 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജർമനിയിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകൾ വ്യവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. യുഎസ്, യുകെ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹൈഡ്രജൻ ട്രെയിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.