റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് (R&D) വേണ്ടി ഇന്ത്യ കാര്യമായി പണം ചെലവഴിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികൾക്കിടയിൽ ബിസിനസ് സ്റ്റാൻഡേർഡ് നടത്തിയ പഠനം അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ നടന്ന ആകെ വിൽപ്പനയുടെ 0.3 ശതമാനം മാത്രമാണ് ഈ കമ്പനികൾ ആർ&ഡിക്ക് വേണ്ടി മാറ്റിവെച്ചത്. ശാസ്ത്ര സാങ്കേതിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ജി.ഡി.പിയുടെ 0.64 ശതമാനം മാത്രമാണ് ആർ&ഡിക്ക് വേണ്ടി രാജ്യം ആകെ ചെലവഴിക്കുന്നത്. അതേസമയം ചൈനയുടേത് 2.5 ശതമാനവും, യു.എസിന്റേത് 3.4 ശതമാനവുമാണ്.
സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് ഇന്നൊവേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ആർ&ഡിയും പ്രതിശീർഷ ജി.ഡി.പിയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നും നീതി അയോഗ് വ്യക്തമാക്കുന്നു. ഇപ്പോഴുള്ള 0.7 ശതമാനത്തിൽ നിന്ന് ജി.ഡി.പിയുടെ മൂന്നു ശതമാനമെങ്കിലും ഇന്ത്യ ആർ&ഡിക്കു വേണ്ടി ചെലവഴിക്കണമെന്നാണ് ഇൻഫോസിസിന്റെ മുൻ വൈസ് ചെയർമാനും എം.ഡിയുമായിരുന്ന ക്രിസ് ഗോപാലകൃഷ്‌ണൻ പറയുന്നത്.