രാജ്യത്ത് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation) സെപ്റ്റംബറില്‍ കുത്തനെ കുറഞ്ഞു. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായാണ് കുറഞ്ഞത്. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂലൈയില്‍ ഇത് 7.44 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം ഓഗസ്റ്റിലെ 9.94 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 6.56 ശതമാനത്തിലേക്ക് താഴ്ന്നത് വലിയ നേട്ടമായി. പച്ചക്കറി, ധാന്യം, ഇന്ധനം എന്നിവയുടെ വില താഴ്ന്നതും ഗുണം ചെയ്തു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നഗരങ്ങളില്‍ 4.65 ശതമാനവും ഗ്രാമങ്ങളില്‍ 5.33 ശതമാനവുമാണ് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പം.
രാജ്യത്തെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റ തോത് വ്യക്തമാക്കുന്ന സൂചികയാണ് റീട്ടെയില്‍ പണപ്പെരുപ്പം. കേരളത്തില്‍ ഇത് കഴിഞ്ഞ മാസം ദേശീയതലത്തേക്കാളും കുറഞ്ഞ് 4.72 ശതമാനത്തിലെത്തി. ജൂലൈയില്‍ 6.51 ശതമാനവും ഓഗസ്റ്റില്‍ 6.26 ശതമാനവുമായിരുന്നു കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം.
ചെലവ് വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം റിസർവ് ബാങ്കിന്റെ പരിധിയായ 6 ശതമാനത്തിൽ താഴെയായി. കോർ സിപിഐ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.8 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 4.5 ശതമാനമായി കുറഞ്ഞതായും സാമ്പത്തിക വിദഗ്ധർ പറഞ്ഞു. എന്നിരുന്നാലും, ആഗോള അനിശ്ചിതത്വങ്ങളും ആഭ്യന്തര തടസ്സങ്ങളും ചേർന്ന് വരും മാസങ്ങളിൽ പണപ്പെരുപ്പ സമ്മർദ്ദം ഉയർത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മുന്നറിയിപ്പ് നൽകി.