5ജി നെറ്റ്‍വർക്ക് വേഗതയിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ ഊക്ല (Ookla)യുടെ റിപ്പോർട്ട് അനുസരിച്ച് ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ് ഇന്ത്യ മുകളിലേക്ക് കയറിയത്. നിലവിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് വേഗതയിൽ മുന്നിൽ. മലേഷ്യയാണ് മൂന്നാം സ്ഥാനത്ത്. ഖത്തർ, ബ്രസീൽ, ഡൊമിനിക്കൻ റിപ്പബ്ലിക്, കുവൈത്ത്, മക്കാവു, സിംഗപ്പൂർ എന്നിവയും ലിസ്റ്റിലുണ്ട്.
അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് 5ജി. നിലവിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 5ജിയിൽ വൻതുക ചെലവഴിച്ച് ഗവേഷണങ്ങൾ നടത്തുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിലവിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് 4ജിയാണ്. നിലവിലെ മൊബൈൽ ടവറുകളുടേതുപോലുള്ള വിതരണ സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കില്ല 5ജി സ്ഥാപിക്കപ്പെടുന്നത്. അതിനാൽ തന്നെ പുതിയ 5ജി ടവറുകൾ സ്ഥാപിക്കേണ്ടി വരും.