മുന്നിൽ ഇന്ത്യ തന്നെ:തുടർച്ചയായി ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം

0
135

തുടർച്ചയായി ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടവുമായി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കനുസരിച്ച് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്. എക്കാലത്തെയും റെക്കോഡ് തുകയാണിത്. 2021ൽ 8,700 കോടി ഡോളറും (7.24 ലക്ഷം കോടി രൂപ) 2022ൽ 11,122 കോടി ഡോളറുമാണ് (9.24 ലക്ഷം കോടി രൂപ) ലഭിച്ചത്. 2022ലാണ് ഇന്ത്യ ആദ്യമായി 10,000 കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്.

പ്രവാസിപ്പണം നേടുന്നതിൽ മറ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. മെക്സിക്കോ (6,700 കോടി ഡോളർ), ചൈന (5,000 കോടി ഡോളർ), ഫിലിപ്പൈൻസ് (4,000 കോടി ഡോളർ), ഈജിപ്‌ത്‌ (2,400 കോടി ഡോളർ) എന്നിവയാണ് ആദ്യ 5ൽ ഇന്ത്യക്ക് തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യ അടക്കമുള്ള ലോവർ – മിഡിൽ ഇൻകം രാജ്യങ്ങളിലേക്ക് 3.8 ശതമാനം വളർച്ചയോടെ 66,900 കോടി ഡോളർ പ്രവാസിപ്പണമാണ് 2023ൽ എത്തിയത്. വികസിത രാജ്യങ്ങൾ, ഗൾഫ് രാഷ്ട്രങ്ങൾ (GCC) എന്നിവയുടെ സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയാണ് ഇതിന് കാരണമായതെന്ന് ലോകബാങ്ക് പറഞ്ഞു.

പരമ്പരാഗതമായി ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തിയിരുന്നത് യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നായിരുന്നു. എന്നാൽ 2022ൽ ഈ ട്രെൻഡ് തിരുത്തി അമേരിക്ക മുന്നിലെത്തി. 2023ലും ഇതേ ട്രെൻഡാണ് കണ്ടതെന്ന് ലോകബാങ്ക് പറയുന്നു. അമേരിക്ക കഴിഞ്ഞാൽ യു.എ.ഇ., സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ കൂടുതൽ പ്രവാസിപ്പണം നേടുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം പുറത്തേക്ക് ഒഴുകിയ രാജ്യവും അമേരിക്കയാണ്.