റിസർവ് ബാങ്കിൻ്റെ നിർദേശത്തെ തുടർന്ന് കെവൈസി നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ബാങ്കുകൾ. ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽനിന്ന് വ്യത്യസ്ത രേഖകളുപയോഗിച്ച് ബാങ്കുകൾ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോൺ നമ്പർ പുതുക്കി നൽകാനും ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകളിലോ ജോയിന്റ് അക്കൗണ്ടുകളിലോ ഒരേ ഫോൺ നമ്പർ നൽകിയിട്ടുള്ളവരോടും ഇക്കാര്യം ആവശ്യപ്പെടും.
വ്യത്യസ്‌ത തലത്തിലുള്ള പരിശോധനയാകും ബാങ്കുകൾ നടത്തുക. പാൻ, ആധാർ, മൊബൈൽ നമ്പർ എന്നിവ പരിശോധിച്ച് ഉറപ്പാക്കും. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ അത് ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വ്യത്യസ്ത കെവൈസി രേഖകൾ ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കും. പാസ്പോർട്ട്, ആധാർ, വോട്ടർ കാർഡ്, എൻആർഇജിഎ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് വിവരങ്ങൾ പങ്കിടാൻ അനുമതിയുള്ള (അക്കൗണ്ട് അഗ്രിഗേറ്റർ)വർ അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക ആസ്‌തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ഏകീകരിച്ച് സൂക്ഷിക്കും.
ധനകാര്യ സേവന മേഖലകളിൽ ഉടനീളം കെവൈസി മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്റെ നേതൃത്വത്തിൽ സർക്കാർ സമിതി രൂപീകരിച്ചിരുന്നു. അവരുടെകൂടി നിർദേശം കണക്കിലെടുത്താകും നടപടിക്രമങ്ങൾ പാലിക്കുക.