സമ്പന്ന രാജ്യങ്ങളിൽ പൗരത്വം നേടുന്നതിൽ ഇന്ത്യക്കാർ നമ്പർ 1:ഗോൾഡൻ പാസ്പോർട്ടിലും മുന്നിൽ

0
440

ലോകത്തിലെ ഏറ്റവും സമ്പന്നരായവർ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരിൽ ഇന്ത്യക്കാർ മുൻനിരയിൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ഒ.ഇ.സി.ഡി) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരായിരുന്നു വിദേശ പൗരത്വം നേടുന്നവരിൽ ഇതുവരെ മുന്നിലെങ്കിൽ ഇന്ന് ഇന്ത്യയിൽ നിന്നും വിവിധ മേഖലകളിലേക്ക് ജോലി തേടി പോയി പൗരത്വം നേടുന്നവർ നിരവധിയാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.


ഒ.ഇ.സി.ഡിയുടെ ഇന്റർനാഷണൽ മൈഗ്രേഷൻ ഔട്ട്ലുക്ക് 2023 റിപ്പോർട്ട് പ്രകാരം, 1,33,000 ഇന്ത്യക്കാർക്ക് അതി സമ്പന്നരുടെ രാജ്യങ്ങളിൽ പൗരത്വം ലഭിച്ചു. 2021ൽ 4,07,000 ഇന്ത്യക്കാർ ഒ.ഇ.സി.ഡി രാജ്യങ്ങളിലേക്ക് ചേക്കേറിയതായും റിപ്പോർട്ടിൽ പറയുന്നു. 2020ൽ ഇത് 2,20,000 ആയിരുന്നു. അമേരിക്ക (56,000), ഓസ്ട്രേലിയ (24,000), കാനഡ (21,000) എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ നിന്നും കൂടുതൽ കുടിയേറ്റം നടന്നത്.

38 രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഒ.ഇ.സി.ഡി. രാജ്യത്തെ പൗരന്മാരിൽ ഏറ്റവുമധികം പേർ ഉയർന്ന വരുമാനമുള്ളവരോ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ (HD) വളരെ ഉയർന്ന റാങ്കുള്ളവരോ താമസിക്കുന്ന ഇടമായിട്ടാണ് ഈ രാജ്യങ്ങളെ കണക്കാക്കുന്നത്. 2021ൽ 1,33,000 ഇന്ത്യൻ പൗരന്മാർ ഒ.ഇ.സി.ഡി രാജ്യങ്ങളിൽ പൗരത്വം നേടി. ഇതിൽ ഭൂരിഭാഗവും യു.എസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് നടന്നത്.


കഴിഞ്ഞ രണ്ട് വർഷത്തിനിടെ സമ്പന്ന രാജ്യങ്ങളിൽ പൗരത്വം നേടുന്ന ഏറ്റവും വലിയ ദേശീയ ഗ്രൂപ്പായി ഇന്ത്യക്കാർ മാറിയപ്പോൾ കാനഡ ഏറ്റവുമധികം പേർക്ക് പൗരത്വം നൽകിയ രാജ്യമായി മാറി. അതേസമയം, ഒ.ഇ.സി.ഡി രാജ്യങ്ങളിൽ ചൈന, ഇന്ത്യ, വിയറ്റ്നാം, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം തേടിയെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. വിദേശ രാജ്യത്ത് വലിയ നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ലഭിക്കുന്ന ഗോൾഡൻ പാസ്പോർട്ടിന് അപേക്ഷിച്ചവരിലും ഇന്ത്യക്കാർ മുന്നിലാണ്. ഇപ്പോൾ ഗോൾഡൻ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുള്ളവരിൽ 9.4 ശതമാനം പേർ ഇന്ത്യക്കാരാണ്.