കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ കുടുംബങ്ങൾ പണം ചെലവഴിക്കുന്നത് ഇരട്ടിയാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (എൻ.എസ്.ഒ) 2022-23ലെ സർവേ ഫലം അനുസരിച്ച് കഴിഞ്ഞ 12 വർഷത്തിനിടെ സംസ്ഥാനത്ത് ശരാശരി ആളോഹരി വീട്ടുചെലവിൽ ഇരട്ടി വർധനയുണ്ടായി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ചെലവിൽ വർധനയുണ്ടായി. സംസ്ഥാനത്തെ ഗ്രാമങ്ങളിലെ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് 5984 രൂപയാണ്. 2011-12ൽ ഇത് 2,669 രൂപയായിരുന്നു. നഗരങ്ങളിൽ 3,408 രൂപയായിരുന്നത് 7,078 രൂപയായി.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഗാർഹിക ഉപഭോഗ ചെലവുകൾ തമ്മിലുള്ള അന്തരം ഏറ്റവും കുറവും കേരളത്തിലാണ്. 19.5 ശതമാനം. പഞ്ചാബിൽ ഇത് 23.1 ശതമാനവും രാജസ്ഥാനിൽ 38.7 ശതമാനവുമാണ്. എൻ.എസ്.ഒ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം ഗ്രാമങ്ങളിലെ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് 3,773 രൂപയാണ്. നഗരങ്ങളിൽ ഇത് 6,459 രൂപയും. ദാരിദ്ര്യം കുറയുന്നതിൻ്റെ സൂചനയാണിത്. സാമൂഹ്യക്ഷേമ പദ്ധതികളുടെ വിതരണം സാമ്പത്തികമായി താഴെ തട്ടിലുള്ളവർക്കിടയിലേക്ക് കൃത്യമായി എത്തിയതാണ് ഇതിന് പ്രാധാന കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഗ്രാമപ്രദേശങ്ങളിലെ പ്രതിമാസ ചെലവ് നഗരത്തിലെ പ്രതിമാസ ചെലവിനേക്കാൾ വേഗത്തിൽ വളരുന്നത് ഇവ രണ്ടും തമ്മിലുള്ള അന്തരം കുറയ്ക്കും. സാമ്പത്തിക അസമത്വം ആപേക്ഷികമായി കുറയാൻ ഇത് സഹായിക്കും.