ദേശീയ ഹൈവേയുടെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് റോഡുകൾ പണിയാൻ കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ടിലാണ് ഇലക്ട്രിക് റോഡ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. 6,000 കിലോമീറ്റർ ഹൈവേയാണ് ഇലക്ട്രിക് റോഡാക്കുക. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ട്.
ഇലക്ട്രിക് വാഹനങ്ങൾ റോഡിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചാർജാകുമെന്നതാണ് ഇലക്ട്രിക് റോഡുകളുടെ പ്രത്യേകത. ഇന്ധന ഉപയോഗവും വാഹനങ്ങളുണ്ടാക്കുന്ന വായു മലിനീകരണവും കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യം ഇ-ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഹൈവേ നിർമ്മിക്കുന്നത്. പൊതുഗതാഗതത്തിന് ഇ-ബസുകളുടെ ഉപയോഗം വർധിപ്പിക്കാനും പദ്ധതിയുണ്ട്. ഹരിത ഊർജം ഉപയോഗിച്ചുള്ള ചാർജിംഗ് സംവിധാനമായിരിക്കും ഇ-ഹൈവേകളിൽ ഉപയോഗപ്പെടുത്തുക.
അടുത്ത 7 വർഷം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കും. 2030ൽ നടപ്പാക്കാനിരിക്കുന്ന പിഎം പബ്ലിക് ട്രാൻസ്പോർട്ട് സേവ പദ്ധതിയുടെ കീഴിലായിരിക്കും ഇ-റോഡ് നിർമിക്കുക. സ്വീഡനാണ് ലോകത്ത് ആദ്യമായി ഇലക്ട്രിക് റോഡുകൾ നിർമിച്ചത്. ഇലക്ട്രിക് ട്രെയിനുകളിലേത് പോലെ മുകളിൽ സ്ഥാപിച്ച വൈദ്യുത ലൈനിൽ ബന്ധിപ്പിച്ചാണ് ഈ റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നത്.