ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും. ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ് എന്നിവർ ഉൾപ്പെട്ട പട്ടികയിലാണ് നിർമ്മല സീതാരാമൻ ഇടം പിടിച്ചത്. പട്ടികയിൽ 32-ാം സ്ഥാനത്താണ് നിർമ്മല സീതാരാമൻ.
മൂന്ന് പേർ കൂടി ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചു. എച്ച്സിഎൽ കോർപ്പറേഷന്റെ സിഇഒ റോഷ്നി നാടാർ മൽഹോത്ര 60-ാം സ്ഥാനത്തും, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ സോമ മൊണ്ടൽ 70-ാം സ്ഥാനത്തും, ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ 76-ാം സ്ഥാനത്തുമാണുള്ളത്. യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെയും, മൂന്നാം സ്ഥാനത്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമാണ്.
യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്സ് അസോസിയേഷനിലും ബിബിസി വേൾഡ് സർവീസിലും ജോലി ചെയ്തിട്ടുളള നിർമ്മല സീതാരാമൻ 2019 മെയ് മാസത്തിൽ ആണ് ഇന്ത്യയുടെ ധനമന്ത്രിയായത്.