ആധുനിക വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ നൂതന ആശയങ്ങൾ നടപ്പാക്കിയിട്ടുള്ള കേരളം ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറുമെന്നതിന്‍റെ ആദ്യ ചുവടുവയ്പ്പ്. തിരുവനന്തപുരം പള്ളിപ്പുറത്തുള്ള ടെക്നോസിറ്റി ക്യാമ്പസിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയോട് ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെക്കുറിച്ച് കൂടുതൽ അറിയാം.
ഇലക്ട്രോണിക് ഉത്പന്ന ഡിസൈനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനുള്ള സൗകര്യങ്ങളോടെ രണ്ട് കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ ഫസ്റ്റ് ഫേസ് 2023 ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായവും വിവിധ സര്‍ക്കാര്‍ സംരംഭങ്ങളും തമ്മിലുള്ള വിടവ് നികത്തി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കും പ്രായോഗിക ഗവേഷണങ്ങള്‍ക്കും പ്രചോദനമേകുകയാണ് ലക്ഷ്യം. ഉയർന്ന യോഗ്യതയുള്ള മാനവ വിഭവശേഷിയും, വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയും, ഉയർന്ന നിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് നൽകുന്ന മുൻഗണനയുമാണ് സംസ്ഥാനത്തെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാക്കി മാറ്റിയത്.
പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതികവിദ്യയിലെ മറ്റു മേഖലകളെ കൂടി അതിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും. ഭാവി വികസനമാതൃക സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയോടെ വിദ്യാഭ്യാസ-ഗവേഷണ-വ്യവസായ സംയോജനം സാധ്യമാക്കാന്‍ കഴിയുമെന്നതും വലിയ നേട്ടമാണ്. മൂന്നാം തലമുറ സയന്‍സ് പാര്‍ക്ക് എന്ന നിലയില്‍, ക്ലസ്റ്റര്‍ അധിഷ്ഠിത സംവേദനാത്മക-നവീകരണത്തിന്‍റെ നൂതനചിന്തയോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
തുടക്കത്തില്‍ ആകെ 2,00,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് കെട്ടിടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 1,50,000 ചതുരശ്രയടിയുള്ള ആദ്യ കെട്ടിടം (ഒരു ലക്ഷം ചതുരശ്ര അടി) 5 നിലകളിലായി തിരിച്ച് റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ സെന്‍റര്‍ ഓഫ് എക്സലന്‍സുകളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ടാമത്തെ കെട്ടിടത്തില്‍ അഡ്മിനിസ്ട്രേറ്റീവ്, ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സെന്‍ററുകളും ക്രമീകരിച്ചിട്ടുണ്ട്. 1515 കോടി രൂപയാണ് മൊത്തം പദ്ധതി വിഹിതമായി കണക്കാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ വ്യവസായം, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ ഡീപ്ടെക്, ഡിജിറ്റല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് എന്നിവയാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ നാല് തൂണുകള്‍. മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വളര്‍ച്ചയുടെ ഉത്തേജകമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പരസ്പര സഹകരണത്തിന്‍റെയും നൂതന സാങ്കേതികവിദ്യകളുടേയും പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നിച്ച് വരുന്ന ട്രിപ്പിള്‍ ഹെലിക്സ് മോഡല്‍ ഓഫ് കണ്‍വേര്‍ജന്‍സ് മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ വികസനത്തില്‍ ഔദ്യോഗികമായി ഏര്‍പ്പെടുന്നതിനായി മാഞ്ചസ്റ്റര്‍ സര്‍വകലാശാല, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. വിജ്ഞാന വ്യവസായ മേഖലയുടെയും ഗവേഷണങ്ങളുടെയും വളര്‍ച്ചക്കും ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂലമായ മാറ്റത്തിനും മികവിന്‍റെ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് നിര്‍ണായക പങ്ക് വഹിക്കാനാകും.
ഇന്ത്യയില്‍ ആദ്യമായി ടെക്നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സ്ഥാപിച്ച് രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തുടക്കം കുറിച്ചും മാതൃകയായി. ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രലോകത്തെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പുതുസമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത പുതിയ ചുവട് വയ്പ്പിലൂടെ അടിവരയിടുകയാണ് കേരളം.