വിക്ഷേപണത്തിനൊരുങ്ങി സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യ ചാര ഉപഗ്രഹം. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് ഏപ്രിലിൽ എലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം (ടി.എ.എസ്.എൽ- TASL) ആണ് ചാര ഉപഗ്രഹം നിർമിച്ചത്.
പുതിയ ഉപഗ്രഹത്തിനായി ബംഗളൂരുവിൽ സ്ഥാപിക്കുന്ന ഗ്രൗണ്ട് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉപഗ്രഹം അയക്കുന്ന ചിത്രങ്ങളുടെ പ്രോസസ്സിംഗിനും മറ്റും ഇത് ഉപയോഗിക്കും. ലാറ്റിൻ-അമേരിക്കൻ കമ്പനിയായ സാറ്റലോജിക്കിന്റെ പങ്കാളിത്തത്തോടെയാണ് ഗ്രൗണ്ട് കൺട്രോൾ സെൻ്റർ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്.
ടി.എ.എസ്.എൽ ഉപഗ്രഹം അയക്കുന്ന ചിത്രങ്ങൾ ആവശ്യമെങ്കിൽ സൗഹൃദ രാജ്യങ്ങളുമായും പങ്കുവയ്ക്കും. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ഐ.എസ്.ആർ.ഒ) ഇത്തരം ചിത്രങ്ങൾ പങ്കുവെക്കാൻ സഹായിക്കുന്ന ഉപഗ്രഹങ്ങളുണ്ട്. നിലവിൽ ചാര ഉപഗ്രഹങ്ങളുടെ സേവനങ്ങൾക്കായി ഇന്ത്യ യു.എസ് കമ്പനികളെയാണ് ആശ്രയിക്കുന്നത്. ഇതിനൊരു പരിഹാരമായിരിക്കും പുതിയ സാറ്റ്ലൈറ്റ്.