പ്രവചനങ്ങൾ നിഷ്പ്രഭം: രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.6% വളർച്ച

0
220

പ്രവചനങ്ങളെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ ജി.ഡി.പിക്കുതിപ്പ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) രണ്ടാംപാദത്തിൽ (ജൂലൈ- സെപ്റ്റംബർ) 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ചയാണ് ഇന്ത്യൻ സാമ്പത്തിക മേഖല കൈവരിച്ചത്. മുൻവർഷത്തെ (2022-23) സമാനപാദത്തിലെ വളർച്ച 6.3 ശതമാനമായിരുന്നു.


അതേസമയം, നടപ്പുവർഷത്തെ ആദ്യപാദത്തിലെ (ഏപ്രിൽ-ജൂൺ) 7.8 ശതമാനത്തെ അപേക്ഷിച്ച് വളർച്ച കുറഞ്ഞു. ഇന്ത്യ രണ്ടാംപാദത്തിൽ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. എസ്.ബി.ഐ റിസർച്ച് 6.9 മുതൽ 7.1 ശതമാനം വരെ, ബ്രോക്കറേജ് സ്ഥാപനമായ ബർക്ലെയ്‌സ് 6.8 ശതമാനം, റേറ്റിംഗ് ഏജൻസികളായ ഇക്ര 7 ശതമാനം, ഇന്ത്യ റേറ്റിംഗ്‌സ് 6.9 ശതമാനം, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് 6.7 ശതമാനം എന്നിങ്ങനെയുമാണ് വളർച്ച പ്രവചിച്ചിരുന്നത്.
മാനുഫാക്‌ചറിംഗ്, ഖനനം (മൈനിംഗ്), നിർമ്മാണം (കൺസ്ട്രക്ഷൻ) എന്നിവയുടെ മികച്ച പ്രകടനമാണ് ജി.ഡി.പിയുടെ വളർച്ചാക്കുതിപ്പിന് ഉത്തേജകമായത്. അതേസമയം കാർഷിക മേഖല വളർച്ചാ ഇടിവാണ് രേഖപ്പെടുത്തിയത്. 2.5 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായാണ് കാർഷിക മേഖലയുടെ വളർച്ച ഇടിഞ്ഞത്.

നടപ്പുവർഷം ജൂലൈ-സെപ്റ്റംബറിൽ ഇന്ത്യൻ ജി.ഡി.പിയുടെ മൂല്യം 41.74 ലക്ഷം കോടി രൂപയാണ്. 2022-23ലെ സമാനപാദത്തിലെ 38.78 ലക്ഷം കോടി രൂപയേക്കാൾ 7.6 ശതമാനമാണ് വളർച്ച. നടപ്പുവർഷത്തെ ആദ്യപാദത്തിൽ മൂല്യം 40.37 ലക്ഷം കോടി രൂപയായിരുന്നു. ഇതോടെ ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന പട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിറുത്തി. ചൈനയുടെ വളർച്ച 4.9 ശതമാനമാണ്. അമേരിക്ക 5.3 ശതമാനവും, യു.കെ. 0.6 ശതമാനവും ഇൻഡോനേഷ്യ 4.94 ശതമാനവും വളർച്ച രേഖപ്പെടുത്തി.