ഇന്ത്യൻ സമ്പന്ന പട്ടികയിൽ അസിം പ്രേംജിയെ മറികടന്ന് സാവിത്രി ദേവി ജിൻഡാൽ

0
263

രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ സോഫ്റ്റ്‌വെയർ ഭീമനായ വിപ്രോയുടെ മേധാവി അസിം പ്രേംജിയേയും മറികടന്ന് ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമിരറ്റസ് സാവിത്രി ദേവി ജിൻഡാൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആസ്‌തിയിൽ 87% വർധനയാണ് സാവിത്രി ജിൻഡാൽ നേടിയത്. എന്നാൽ ഇക്കാലയളവിൽ അസിം പ്രേംജിയുടെ ആസ്‌തിയിൽ 42 ശതമാനം ഇടിവുണ്ടായി.

2,460 കോടി ഡോളറാണ് സാവിത്രി ജിൻഡാലിന്റെ സമ്പത്ത്. ഇതിൽ 30 ശതമാനവും ജെ.എസ്.ഡബ്ല്യു സ്റ്റീലിൽ നിന്നുള്ളതാണ്. ബ്ലൂംബെർഗിന്റെ ബില്യണയേഴ്‌സ് ഇൻഡെക്‌സ് അനുസരിച്ച് നിലവിൽ സാവിത്രി ജിൻഡാലിന് പിന്നിൽ ആറാം സ്ഥാനത്താണ് അസിം പ്രേംജി. രണ്ട് വര്‍ഷം മുമ്പ് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു അസിം പ്രേംജി. വിപ്രോയിൽ 62.5 ശതമാനം ഓഹരി പങ്കാളിത്തമാണ് അസിം പ്രേംജിക്കുള്ളത്. ഡിസംബർ 11ലെ കണക്കനുസരിച്ച് 2,400 കോടി ഡോളറാണ് (2 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്‌തി.

ബ്ലൂം ബെർഗ് സമ്പന്ന പട്ടികയിൽ ഒന്നും രണ്ടും സ്ഥാനം യഥാക്രമം മുകേഷ് അംബാനിയും ഗൗതം അദാനിയും നിലനിറുത്തിയപ്പോൾ മൂന്നാം സ്ഥാനത്ത് ടാറ്റയുടെ ഷാപൂർജി പല്ലോൻജി മിസ്ത്രിയാണ്. എച്ച്.സി.എൽ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.