ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനങ്ങൾ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തും, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ചേർന്ന് യു.പി.ഐ സേവനങ്ങൾ ഇരു രാജ്യങ്ങളിലും ആരംഭിച്ചു.
മൗറീഷ്യസിൽ ഇന്ത്യയുടെ റുപേ കാർഡ് സേവനങ്ങളും ആരംഭിച്ചു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയിലും മൗറീഷ്യസിലും ഇന്ത്യയുടെ യു.പി.ഐ സർവീസുകൾ ആരംഭിച്ചത്.
യു.പി.ഐ സർവീസുകൾ ലഭ്യമാക്കുന്നതിലൂടെ ശ്രീലങ്കയിലും മൗറീഷ്യസിലും വേഗമേറിയതും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ പണമിടപാട് നടത്താൻ സാധിക്കും. ഇതുവഴി ഡിജിറ്റൽ കണക്റ്റിവിറ്റിയും വർധിപ്പിക്കാം. ഈ രാജ്യങ്ങളിൽ പോകുന്ന ഇന്ത്യക്കാർക്കും ഇന്ത്യയിൽ വരുന്ന മൗറീഷ്യസ് പൗരന്മാർക്കും യു.പി.ഐ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കും.