ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ഇൻസ്റ്റഗ്രാം. ടിക്ക്ടോക്കിനെ മറികടന്നാണ് ഇൻസ്റ്റഗ്രാം ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. 2010ലാണ് ഇൻസ്റ്റഗ്രാം ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടത്. 2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം ആഗോള തലത്തിൽ ഡൗൺലോഡ് ചെയ്യപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്. മുൻവർഷത്തേക്കാൾ 20 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ടിക് ടോക്ക് 73.3 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ അനുസരിച്ച് ടിക് ടോക്കിന്റെ വളർച്ച നാല് ശതമാനം മാത്രമാണ്. അതേസമയം 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ജനപ്രീതി ടിക്ടോക്കിനായിരുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
റീൽസ്, ഫോട്ടോഷെയറിങ്, സ്‌റ്റോറീസ് ഉൾപ്പടെയുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാമിനെ ജനപ്രിയമാക്കിയത്. വിപണി വിശകലന സ്ഥാപനമായ സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ഇൻസ്റ്റാഗ്രാമിനുള്ളത്. ടിക്ടോക്കിന് 110 കോടിയ്ക്ക് മുകളിൽ സജീവ ഉപഭോക്താക്കളാണുള്ളത്. ദിവസേന 95 മിനിറ്റ് നേരം ടിക്ടോക്ക് ഉപഭോക്താക്കൾ ആപ്പിൽ ചിലവഴിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ 65 മിനിറ്റ് നേരമാണ് ഉപഭോക്താക്കൾ ചിലവഴിക്കുന്നത്.