വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ നിര്‍മലയുടെ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞ ബജറ്റ് അവതരണം

0
189

വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 58 മിനിറ്റുകൾ കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു ഇത്തവണത്തേത്.

കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമൻ ജൂലായിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളിലും, ഇറക്കുമതി തീരുവകളിലും മാറ്റമില്ല. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചതായി ധനമന്ത്രി പറഞ്ഞു.

കൂടുതൽ മെഡിക്കൽ കോളേജുകൾ, 9-14 വയസു വരെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസർ പ്രതിരോധ വാക്‌സിനേഷൻ, എല്ലാ ആശാവർക്കർമാർക്കും ആയുഷ്‌മാൻ ഭാരത് പദ്ധതി, കാർഷിക മേഖലയിൽ പൊതു-സ്വകാര്യ നിക്ഷേപം, സംസ്ഥാനങ്ങൾക്ക് 50 വർഷ കാലാവധിയിൽ 75,000 കോടി രൂപയുടെ പലിശ രഹിത വായ്‌പ, എണ്ണക്കുരു ഉത്പാദന വർധനവിനായി ആത്മനിർഭർ ഓയിൽ സീഡ്‌സ്‌ അഭിയാൻ പദ്ധതി, ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ, മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമായി പ്രത്യേക ഡിപ്പാർട്മെന്റ്, തൊഴിലവസരങ്ങൾ, മത്സ്യകയറ്റുമതി ഇരട്ടിയാക്കാനുള്ള നടപടികൾ, റെയിൽവേയിൽ സാമ്പത്തിക ഇടനാഴികൾ എന്നിവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.