ഫെഡറല്‍ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയർത്തി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ

0
527

പ്രശസ്ത സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം ഉയർത്തി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC). ഇപ്പോൾ 7.32 ശതമാനമാണ് ഐഎഫ്‌സിയുടേയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഐഎഫ്‌സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ട്, ഐഎഫ്‌സി എമർജിംഗ് ഏഷ്യ ഫണ്ട് എന്നിവയുടേയും ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം.

ഈ മുൻ‌ഗണനാ ഓഹരി വിൽപ്പനയിലൂടെ ഫെഡറൽ ബാങ്കിന് 958.74 കോടി രൂപ ലഭിച്ചുവെന്ന് ബാങ്ക് ഓഹരി വിപണികൾക്ക് അയച്ച കത്തിൽ പറയുന്നു. ഓഹരി ഒന്നിന് 131.91 രൂപയ്ക്കാണ് വിൽപ്പന നടന്നത്. ഈ ഇടപാടിന് മുമ്പ് ഫെഡറൽ ബാങ്കിൽ ഐഎഫ്‌സിക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും 4.46 ശതമാനം ഉടമസ്ഥാവകാശമാണ് ഉണ്ടായിരുന്നത്.

ഇടപാടിന് ശേഷം ഫെഡറൽ ബാങ്കിൽ ഐഎഫ്‌സിക്ക് മാത്രം 3.86 ശതമാനം ഓഹരിയുണ്ട്. ഐഎഫ്‌സി എമർജിംഗ് ഏഷ്യ ഫണ്ടിനും ഐഎഫ്‌സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ടിനും 1.73 ശതമാനം വീതം നിക്ഷേപമുണ്ട്. ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാൻ റിസർവ് ബാങ്കിൽ നിന്ന് ഐഎഫ്‌സിക്ക് കഴിഞ്ഞ മാസത്തെ അവസാന ആഴ്ചയാണ് അനുമതി ലഭിച്ചത്.