സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം എന്നിവ കൊണ്ടുള്ള അടുക്കള പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. ഫെബ്രുവരി മുതൽ ഐഎസ്ഐ മാർക്കില്ലാത്ത അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, പാചകാവശ്യത്തിനുള്ള പാത്രങ്ങൾ തുടങ്ങിയവ കടകളിലും ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴിയും വിൽക്കാൻ സാധിക്കില്ല.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുപ്രകാരം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കിനും നോൺസ്റ്റിക് പാത്രങ്ങൾക്കും ഐഎസ്ഐ സർട്ടിഫിക്കേഷൻ ആവശ്യമാണ്. വിദേശത്ത് നിന്ന് ഇന്ത്യയിൽ കൊണ്ടുവന്നു വിൽക്കുന്ന ഉൽപന്നങ്ങൾക്കും നിയമം ബാധകമാകും. നിർമാണ സ്ഥാപനങ്ങൾക്ക് ബിഐഎസ് ലൈസൻസ് നിർബന്ധമാകും. ഇതിനായി മൂന്നു മുതൽ ആറു മാസം വരെ സമയം നൽകിയിട്ടുണ്ട്. മൈക്രോ സംരംഭങ്ങൾക്ക് ഐഎസ്ഐ ഗുണമേന്മയുളള ഉത്പന്നങ്ങൾ നിർമിക്കാൻ ഒരു വർഷത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. ചെറുകിടക്കാർക്ക് 9 മാസവും ഇടത്തരം, വൻകിട സ്ഥാപനങ്ങൾക്ക് 6 മാസവുമാണ് സമയപരിധി.