ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങൾ കൊണ്ടുവരാൻ ഐഎസ്ആർഒ (ISRO). ചാന്ദ്രയാൻ-3 മിഷന്റെ വിജയത്തെ കുറിച്ച് രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ സംസാരിക്കുന്നതിനിടെ ഇസ്റോ ചീഫ് എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.
ചന്ദ്രനിലെ പാറക്കഷണം കൊണ്ടുവരുന്നതിനുള്ള ദൗത്യം രൂപവത്കരിക്കുകയാണെന്നും അടുത്ത നാല് വർഷം കൊണ്ട് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ദൗത്യവും മുന്നേറി കൊണ്ടിരിക്കുകയാണ്. ക്രൂ മൊഡ്യൂളും സർവീസും രൂപകല്പന ചെയ്തു. ദൗത്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുളള പ്രവർത്തനങ്ങൾ നടക്കുകയാണ്. ബഹിരാകാശ നിലയം സ്ഥാപിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.
2035ഓടെ ബഹിരാകാശ നിലയം പണിയാനാണ് ലക്ഷ്യമിടുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞർക്ക് താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്ന വിധത്തിലുള്ള നിലയമാണ് നിർമ്മിക്കുന്നത്. 2028ൽ ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ മൊഡ്യൂൾ റോബോർട്ടിലായിരിക്കും പ്രവർത്തിക്കുക. 2035ഓടെ മനുഷ്യർക്ക് താമസിക്കാൻ സാധിക്കുന്ന നിലയം പണിയുകയാണ് ലക്ഷ്യം.