പുതുവത്സരദിനത്തിൽ വിജയക്കുതിപ്പുമായി ഐ.എസ്.ആർ.ഒ:എക്സ്പോസാറ്റ് വിക്ഷേപണം വിജയം

0
107

പുതുവത്സരദിനത്തിൽ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹമായ ‘എക്സ്പോസാറ്റ്’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പിഎസ്എൽവി സി-58 ആണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്.

ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എൽ.വി) ന്റെ അറുപതാമത് വിക്ഷേപണം കൂടിയാണ് വിജയകരമായി നടന്നത്. 1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എൽ.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളിലൂടെ 345 ഉപഗ്രഹങ്ങളെ പി.എസ്.എൽ.വി. ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 10 ചെറു ഉപഗ്രഹങ്ങളും എക്സ്പോസാറ്റിനൊപ്പം വിക്ഷേപിച്ചു. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്.


ബഹിരാകാശത്തെ എക്‌സ്റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി, തമോഗർത്തങ്ങൾ (ബ്ലാക്ക് ഹോൾ), ന്യൂട്രോൺ താരങ്ങൾ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയാണ് എക്സ്പോസാറ്റിന്റെ ലക്ഷ്യം. അഞ്ചു വർഷം നീളുന്നതാണ് ദൗത്യം. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷൻ) കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്സ്പോസാറ്റ്. യുഎസ് മാത്രമേ ഇതിനുമുൻപ് ഇത്തരം ദൗത്യം നടത്തിയിട്ടുള്ളൂ. 2021ലാണ് നാസ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചത്.