രാജ്യത്തെ ഭക്ഷ്യമേഖലയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) നിർമ്മാതാക്കളായി ഐ.ടി.സി. സെപ്തംബറിൽ അവസാനിച്ച ഒമ്പത് മാസ കാലയളവിൽ 17,100 കോടി രൂപയുടെ ഭക്ഷ്യ എഫ്.എം.സി.ജി വിൽപ്പനയാണ് ഐ.ടി.സി രേഖപ്പെടുത്തിയത്. 16,100 കോടി രൂപയുടെ വിൽപ്പനയുമായി അദാനി വിൽമറായിരുന്നു കഴിഞ്ഞ വർഷം വിപണിയിൽ മുന്നിൽ. എന്നാൽ ഈ വർഷം ബ്രിട്ടാനിയയും വിൽപ്പനയിൽ മുന്നിലെത്തിയതോടെ അദാനി വിൽമർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ കാലയളവിൽ ബ്രിട്ടാനിയ 16,700 കോടി രൂപയുടെയും അദാനി വിൽമർ 15,900 കോടി രൂപയുടെയും പാർലെ പ്രോഡക്ട്സ് 14,800 കോടി രൂപയുടെയും മൊണ്ടലെസ് 13,800 കോടി രൂപയുടെയും ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് 12,200 കോടി രൂപയുടെയും വിൽപ്പനയാണ് നടത്തിയത്.
ഭക്ഷ്യ എണ്ണ വില ഗണ്യമായി കുറഞ്ഞതാണ് അദാനി വിൽമറിനെ മറികടക്കാൻ ഐ.ടി.സിയെ പ്രധാനമായും സഹായിച്ചതെന്നാണ് വിലയിരുത്തൽ. ഈ കുറവ് അദാനി വിൽമറിനെ പ്രതികൂലമായി ബാധിച്ചു. അതേസമയം ആട്ട വില വർധിച്ചതും ഐ.ടി.സിക്ക് നേട്ടമായി. ആശിർവാദ് ബ്രാൻഡിന് കീഴിൽ വിൽക്കുന്ന കമ്പനിയുടെ പാക്കേജ്ഡ് ആട്ട ബിസിനസ് വരുമാനത്തിലേക്ക് വലിയ സംഭാവനയാണ് നൽകിയത്.