ചെന്നൈയിലെ പൊള്ളുന്ന ചൂടിൽ ഉന്തുവണ്ടിയിൽ ഐസ്ക്രീം വിറ്റ ചന്ദ്രമോഗൻ തെന്നിന്ത്യ കണ്ട ഒന്നാംകിട ബിസിനസുക്കാരനായ കഥ. വിരുദുനഗറിലെ തിരുത്തുഗലിൽ ജനിച്ച ആർജെ ചന്ദ്രമോഗൻ ഇന്ന് ഹാറ്റ്സൺ അഗ്രോ പ്രൊഡക്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഹാറ്റ്സൺ എന്നതിനെക്കാൾ പരിചയം അരുൺ ഐസ്ക്രീം എന്ന ബ്രാൻഡ് ആയിരിക്കും. 25,000 രൂപയുടെ മൂലധനത്തിലൂടെ ആരംഭിച്ച അരുൺ ഐസ്ക്രീമിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡയറി കമ്പനിയായ ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്‌റ്റിലേക്ക് വളർന്ന ചന്ദ്രമോഗന്റെ കഥയാണിത്.
അച്ഛന്റെ പലച്ചരക്ക് കട നഷ്ടത്തിൽ പൂട്ടിയതോടെയാണ് നാട്ടിൽ നിന്ന് മാറി മറ്റെന്തെങ്കിലും ചെയ്യണമെന്ന് ചന്ദ്രമോഗൻ തീരുമാനിച്ചത്. സ്കൂൾ പഠനം പകുതിയിൽ അവസാനിപ്പിച്ച ചന്ദ്രമോഗൻ 21-ാമത്തെ വയസ്സിൽ കുടുംബസ്വത്ത് വിറ്റ് കിട്ടിയ 13,000 രൂപയുമായി ചെന്നൈയിലേക്ക് വണ്ടി കയറി. 1970ൽ ചെന്നൈ റോയപുരത്ത് വെറും 250 ചതുരശ്രയടി മുറിയിൽ ഐസ് കാൻഡി കച്ചവടം തുടങ്ങി. അരുൺ എന്ന ഐസ്ക്രീം ബ്രാൻഡിന്റെ തുടക്കം റോയപുരത്തെ ആ കുഞ്ഞുമുറിയിൽ നിന്നായിരുന്നു. പാണ്ഡ്യൻ, രാജേന്ദ്രൻ, പരമശിവൻ എന്നിവരാണ് ചന്ദ്രമോഗനെ ഐസ്ക്രീമുണ്ടാക്കാൻ പഠിപ്പിച്ചത്. പകൽ ആ മുറി 10,000 ഐസ്ക്രീമുകളുണ്ടാക്കുന്ന ഫാക്ടറി, രാത്രി അവർ അന്തിയുറങ്ങുന്ന ഇടം. ഉന്തുവണ്ടിയിൽ കോലൈസും കപ്പ് ഐസുമായി ചന്ദ്രമോഗനും കൂട്ടരും എന്നും ചെന്നൈയിലെ കോളേജുകൾക്ക് മുന്നിലെത്തും. 6 മുച്ചക്ര സൈക്കിളുകളിലും 15 ഉന്തുവണ്ടികളിലും കോലൈസും കപ്പ് ഐസും വിറ്റ് ആദ്യ വർഷം ചന്ദ്രമോഗൻ 1.5 ലക്ഷം രൂപ വരുമാനമുണ്ടാക്കി. ചെന്നൈയിലെ കടുത്ത ചൂടിൽ കോലൈസ് കൂളായി വിറ്റുപോയി. 1974ൽ ചെന്നൈയിലെ 95% കോളേജ് കാന്റീനുകളിലും അരുൺ ആയിരുന്നു താരം.
1981 ആയപ്പോഴെക്കും വർഷം 4.25 ലക്ഷത്തിന്റെ വരുമാനം നേടുന്ന കമ്പനിയായി അരുൺ വളർന്നു. എന്നാൽ ബിസിനസ് സീസണലായത് കൊണ്ട് മറ്റെന്തെങ്കിലും കൂടി ചെയ്യണമെന്ന് ചന്ദ്രമോഗന് തോന്നി. അങ്ങനെയാണ് കച്ചവടം ഐസ്ക്രീമിലേക്കും ഡെയറിയിലേക്കും വ്യാപിപ്പിക്കുന്നത്. ആ വർഷം അരുൺ ‘ഐസ്ക്രീമായി’. ക്വാളിറ്റി വാൾസ്, ജോയ്, ദശപ്രകാശ് എന്നീ ബ്രാൻഡുകൾ തെന്നിന്ത്യയുടെ ഐസ്ക്രീം വിപണി അടക്കി വാണിരുന്ന ആ കാലത്ത് തമിഴ്നാട്ടിൽ മാത്രം 350 ഐസ്ക്രീം ബ്രാൻഡുകളുണ്ടായിരുന്നു.
ഈ മത്സരത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ ചെന്നൈയിൽ മാത്രമായി വിൽപ്പന ഒതുക്കിയിട്ട് കാര്യമില്ല. തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കണം. എന്നാൽ അതിന് വലിയ മുതൽ മുടക്കിൽ കോൾഡ് സ്റ്റോറേജ് സംവിധാനം ഒരുക്കണമായിരുന്നു. അതിന് പകരം കമ്പനി ചെലവ് കുറഞ്ഞ ഒരു സംവിധാനമുണ്ടാക്കി. ഐസ്ക്രീം അരിയിൽ പൊതിഞ്ഞ് ട്രെയിനിൽ വിൽപ്പന നടത്തുക. അങ്ങനെ തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിൽ അരുൺ ഐസ്ക്രീം പാർലറുകൾ വിൽപ്പന തുടങ്ങി. ഒരു വർഷം കൊണ്ട് തമിഴ്നാട്ടിൽ ഏറ്റവും അധികം ഐസ്ക്രീം വിൽക്കുന്ന സ്ഥാപനമായി അരുൺ മാറി. 1995 ആയപ്പോഴെക്കും അരുൺ കേരളത്തിലും ആന്ധ്രാപ്രദേശിലും ശൃംഖല തുടങ്ങി. 700 ശൃംഖലകളുമായി തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐസ്ക്രീം ബ്രാൻഡായി അരുൺ വളർന്നു. ഒപ്പം ആരോഗ്യ എന്ന പേരിൽ പാക്കറ്റ് പാലിലേക്കും അരുൺ തിരിഞ്ഞു. പിന്നെ അങ്ങോട്ട് വളർച്ചയുടെ നാളുകളായിരുന്നു. 2001ൽ അരുണും ആരോഗ്യയും ചന്ദ്രമോഗന് സമ്മാനിച്ചത് 100 കോടിയുടെ ബിസിനസാണ്.
ബ്രാൻഡ് വളർന്നതിനൊപ്പം പാൽ വിതരണത്തിലെ കുറവും വിപണിയിൽ നിന്നുള്ള മത്സരവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ചന്ദ്രമോഗൻ നേരിട്ടു. ഇതിനോടുള്ള പ്രതിരോധമെന്ന നിലയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് പാൽ സംഭരിക്കാൻ തുടങ്ങി. ഇതിനൊപ്പം ശേഖരണ കേന്ദ്രങ്ങളുടെ ഒരു ശൃംഖലയും സ്ഥാപിച്ചു. അരുൺ, ആരോക്യ, ഹാറ്റ്സൺ എന്നി ബ്രാൻഡ് നാമങ്ങളിൽ യഥാക്രമം ഐസ്ക്രീം, പാൽ, തൈര് എന്നിവയാണ് ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട്സ് വിപണിയിലെത്തിക്കുന്നത്. ഇബാക്കോ, ഹാൻഡോബാർ ചോക്ലേറ്റ് എന്നിവയും ഹാറ്റ്സൺ ഗ്രൂപ്പിന് കീഴിലുണ്ട്. ഇന്ന് 15 ലക്ഷം കർഷകരിൽ നിന്ന് ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട്സ് പ്രതിദിനം 34 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. ഇത് 20 പ്ലാന്റുകൾ വഴിയാണ് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നത്. 42 രാജ്യങ്ങളിലേക്ക് ഹാറ്റ്സണിൽ നിന്നുളള പാലുൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. 10,500 മിൽക്ക് ബാങ്കും 50,000 ജീവനക്കാരും 14 ഫാക്ടറികളുമുള്ള ഹാറ്റ്സൺ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ ഡെയറി കമ്പനിയാണ്.