സര്‍ക്കാര്‍ പരിശോധന മൂലം സംരംഭകര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവന്ന കെ-സിസ് സംവിധാനം 10,000 പരിശോധനകള്‍ കടന്ന് മുന്നേറുന്നു.
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഇപ്പോള്‍ ഈ സംവിധാനത്തിന് കീഴിലാണ്. പരിശോധനയുടെ ഷെഡ്യൂളും വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ഇതിന് പുറമെ പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെയും പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ് അല്ലെങ്കില്‍ ഇമെയില്‍ മുഖേന അറിയിപ്പ് നല്‍കിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. തീര്‍ത്തും ഓണ്‍ലൈനായാണ് നടപടിക്രമങ്ങള്‍ എന്നതിനാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായിട്ടുള്ള പരിശോധനകളോ നടപടികളോ ഉണ്ടാകുന്നുമില്ല. അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ ഇതിനോടകം കെ-സിസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.