ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമാവാന്‍ കട്ടപ്പന നഗരസഭയും

Related Stories

സംസ്ഥാനത്തെ നഗരസഭകളില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ ആസൂത്രണം ചെയ്ത കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ ആലോചനായോഗം ചേര്‍ന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷന്‍ ജോയ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ദീര്‍ഘകാല സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചക്ക് ശേഷം നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതി ഈ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമഗ്ര പ്ലാന്‍ തയ്യാറാക്കും. 7.1 കോടി രൂപയാണ് നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്.
പദ്ധതി നിര്‍വഹണ യൂണിറ്റ് നേതൃത്വത്തില്‍ വിവരശേഖരണം നടത്തി നഗരസഭയിലെ നിലവിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ഈ സര്‍വെ പ്രകാരം നഗരസഭയിലെ ജനസംഖ്യ 46956 ആണ്. പ്രതിദിനം കട്ടപ്പന നഗരസഭാ പരിധിയില്‍ ഏകദേശം 14 ടണ്‍ ഖരമാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യോഗത്തില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ ഡെപ്യൂട്ടി കോ ഓഡിനേറ്റര്‍ രാഹുല്‍ എം കെ ആമുഖം അവതരിപ്പിച്ചു. കട്ടപ്പന നഗരസഭ ഖരമാലിന്യ പരിപാലനം എഞ്ചിനീയര്‍ ബോബിന ജോര്‍ജ് നിലവിലുള്ള ഖരമാലിന്യ പരിപാലന സംവിധാനങ്ങളുടെ അവതരണം നടത്തി. സോഷ്യല്‍ ഡെവലപ്മെന്റ് എക്സ്പേര്‍ട്ട് അനീഷ് ബാബു എസ് ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി, നഗരസഭാ അംഗങ്ങളായ ജോയ് വെട്ടിക്കുഴി, ഷമേജ് കെ ജോര്‍ജ് , സിജു ചക്കുംമൂട്ടില്‍, രാജന്‍ കാലാച്ചിറ ,തങ്കച്ചന്‍ പുരയിടം, രജിത രമേശ്, ധന്യ അനില്‍, സോണിയ ജെയ്ബി, ബീന സിബി, ജെസ്സി ബെന്നി, സജിമോള്‍ ഷാജി, ഏലിയാമ്മ കുര്യാക്കോസ്, മറ്റു ജനപ്രതിനിധികള്‍, വ്യാപാര വ്യവസായ സമിതി, ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പ് തല പ്രതിനിധികള്‍, തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ പങ്കുവെച്ചു.

ഖരമാലിന്യ പരിപാലനം ഇങ്ങനെ
കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് മൂന്നു ഘടകങ്ങളാണുള്ളത്. മാലിന്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുക, സാങ്കേതിക സഹായം നല്‍കുക, പദ്ധതി നടത്തിപ്പ് എന്നിവയാണ് ആദ്യ ഘടകത്തിലുള്ളത്. ഖരമാലിന്യ പരിപാലനത്തിനായി നഗരസഭകള്‍ക്ക് പ്രത്യേക ഗ്രാന്‍ഡ് വിതരണമാണ് രണ്ടാം ഘടകത്തില്‍. മൂന്നാം ഘടകത്തില്‍ മേഖല അടിസ്ഥാനത്തില്‍ ഖരമാലിന്യ പരിപാലന സംവിധാനങ്ങളുടെ നിര്‍മ്മാണം നടപ്പിലാക്കും. സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്, ജില്ലാതലത്തില്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്, പദ്ധതിയില്‍ ഉള്‍പ്പെട്ട 93 നഗരഭരണ സ്ഥാപനങ്ങളിലും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകള്‍ എന്നിങ്ങനെയാണ് പദ്ധതിയുടെ ഘടന.
ഓരോ നഗരസഭയുടെയും പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതോടെ മാലിന്യ ശേഖരണത്തിനും പരിപാലനത്തിനും ഓരോ നഗരത്തിനും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കും. ഖരമാലിന്യം പരിപാലന കേന്ദ്രങ്ങളുടെ സുസ്ഥിരമായ പ്രവര്‍ത്തനവും പരിപാലനവും നഗരസഭകളുടെ മേല്‍നോട്ടത്തില്‍ ഉറപ്പാക്കും.

മേഖലാതലത്തില്‍ ക്ലസ്റ്റര്‍ പ്ലാനിങ്
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 25 വര്‍ഷത്തെ മാലിന്യ ഉല്‍പാദനത്തിന്റെ തോത് കണ്ടെത്തും. ജി ഐ എസ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള നഗരസഭകളെ ക്ലസ്റ്ററുകള്‍ ആക്കി തിരിക്കും. ഓരോ ക്ലസ്റ്ററിലും അടുത്ത 25 വര്‍ഷത്തെ മാലിന്യത്തിന് ആനുപാതികമായി ഭൂമിയുടെ ലഭ്യത അനുസരിച്ച് മേഖലാതല മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിക്കും. എല്ലാ നഗരസഭകള്‍ക്കും സമഗ്ര മാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാന്‍, പുതിയ തൊഴില്‍ അവസരങ്ങള്‍, ശേഖരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അത്യാധുനിക ഗതാഗത സംവിധാനം, നഗരങ്ങളിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ ശേഖരണത്തിന് വാതില്‍പ്പടി സേവനം, കുറ്റമറ്റ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും കണ്‍ട്രോള്‍ റൂം, സമഗ്രമാറ്റം ഉറപ്പാക്കാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിത പരിഷ്‌കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍.
മാലിന്യനിര്‍മാര്‍ജന രംഗത്ത് സംസ്ഥാനത്തിന്റെ മുന്നേറ്റം സുസ്ഥിരമാക്കാനും നഗരങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യപ്രദമാക്കാനും സര്‍ക്കാരും നഗരസഭകളും സംയുക്ത ഇടപെടല്‍ നടത്തുകയാണ്. ശാസ്ത്രീയ ഖരമാലിന്യ പരിപാലനത്തില്‍ മികച്ച മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് ജില്ലയിലെ കട്ടപ്പന, തൊടുപുഴ നഗരസഭകള്‍.

ചിത്രം:
കട്ടപ്പന നഗരസഭയില്‍ ചേര്‍ന്ന ഖരമാലിന്യ പരിപാലന പദ്ധതി രൂപരേഖ ആലോചന യോഗം

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories