കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഇനി ഓരോ പര്‍ച്ചേസിനുമൊപ്പം കട്ടപ്പന ഫെസ്റ്റ് വ്യാപാരോത്സവ് ഡിസ്‌കൗണ്ട്കൂപ്പണ്‍ സൗജന്യമായി ലഭിക്കും. ഫെബ്രുവരി പത്ത് മുതല്‍ 26 വരെ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന കട്ടപ്പന ഫെസ്റ്റിന്റെ പ്രവേശന പാസില്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനുള്ള കൂപ്പണുകളുടെ വിതരണോദ്ഘാടനം കട്ടപ്പന ബാല ഹോസ്പിറ്റലില്‍ നടന്നു.
70 രൂപയുടെ പ്രവേശന ഫീസില്‍ 20 രൂപയാണ് ഡിസ്‌കൗണ്ട് പാസ് വഴി കിഴിവ് ലഭിക്കുക.
ഡിസ്‌കൗണ്ട് കൂപ്പണ്‍ വിതരണം ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. പി ഹസ്സന്‍, ബാല ഹോസ്പിറ്റല്‍ എംഡി ഡോ. ഭഗവത് സിങ്ങിന് നല്‍കി ഉദ്ഘാടനം ചെയ്തു. കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എംകെ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് യൂത്ത് വിങ്, വനിതാ വിങ് പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങി ചടങ്ങില്‍ പങ്കെടുത്തു.
ഇനി കട്ടപ്പനയിലെ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ കട്ടപ്പന ഫെസ്റ്റ് ഡിസ്‌കൗണ്ട് കൂപ്പണ്‍ കൂടി മറക്കാതെ ചോദിച്ചു വാങ്ങണമെന്ന് സംഘാടകര്‍ പറഞ്ഞു.