ആത്മാര്‍ഥതയില്‍ കട്ടപ്പനക്കാരെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കട്ടപ്പന സ്വദേശിയായ ക്ലിന്റ് ആന്റണി. കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയിലും വിജയത്തിലും പ്രധാന പങ്കുവഹിച്ച ജീവനക്കാരനായ ക്ലിന്റ് ആന്റണിക്ക് മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ചിരിക്കുകയാണ് കൊരട്ടി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ വെബ്ബ് ആന്‍ഡ് ക്രാഫ്റ്റ്. കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറാണ് ക്ലിന്റ്. 10 വര്‍ഷത്തിലധികമായി വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നല്‍കാനായി കമ്പനി തെരഞ്ഞെടുത്തത്. ”ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നത്തിന്റെ പ്രതിഫലനമായി ചടങ്ങ് മാറി.
കഠിനാധ്വാനികളും, അര്‍പ്പണബോധമുള്ളവരുമായ ഒരു മികച്ച ടീമാണ് ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല്. ക്ലിന്റ് പ്രാരംഭകാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഇത്രയും ദീര്‍ഘകാലം നീണ്ടുനിന്ന സേവനത്തിനും, വിശ്വസ്തതയ്ക്കും മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് സമ്മാനമായി നല്‍കുന്നത് ഇതിന്റെ ഭാഗമായാണെന്ന് വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സിഇഒയും സ്ഥാപകനുമായ എബിന്‍ ജോസ് പറഞ്ഞു.
2012ല്‍ നാല് പേരുമായി ആരംഭിച്ച വെബ് ആന്‍ഡ് ക്രാഫ്റ്റിന് നിലവില്‍ 320ല്‍ അധികം ജീവനക്കാരുണ്ട് . ഏഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആന്‍ഡ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്ബാടുമുള്ള 650ല്‍ അധികം ക്ലയന്റുകള്‍ക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകള്‍, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡൈനാമിക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ കമ്ബനി നല്‍കുന്നു.
ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്‍കുന്നുണ്ട് , കൂടാതെ ‘ഐകിയ ‘പോലുള്ള ആഗോള ഫോര്‍ച്യൂണ്‍ 500 കമ്ബനികളുമായും കേരളത്തില്‍ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത്, സിന്തൈറ്റ്, കെഎസ്എഫ്ഇ, തുടങ്ങിയവയ്ക്കും വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്‍കി വരുന്നു.
ജീവനക്കാരുടെ കഠിനാധ്വാനവും സംഭാവനകളും അംഗീകരിക്കുന്നതിനും പ്രതിഫലം നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമായി അവരില്‍ ഒരാള്‍ക്ക് ഈ പ്രത്യേക സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കമ്പനി വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു.
കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് കേരള സ്ഥാപക സിഇഒ-കെജി ഗിരീഷ് ബാബു, വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ മെന്റര്‍ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു