കടമെടുക്കൽ പരിധി അവസാനിക്കാറായി:സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ

0
162

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. കേന്ദ്രസർക്കാർ നിയന്ത്രണത്തിനുശേഷം ഈ വർഷം ഡിസംബർ വരെ ആകെ 21,852 കോടി രൂപ കടമെടുക്കാനായിരുന്നു കേരളത്തിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 21,800 കോടി രൂപയും സംസ്ഥാനം കടമെടുത്തു. 52 കോടി മാത്രമാണ് ഇനി സംസ്ഥാനത്തിന് കടമായി ലഭിക്കുക. സാമ്പത്തിക വർഷത്തിന്റെ പകുതിമാത്രം പിന്നിടുമ്പോഴേക്കും ദൈനംദിന ചെലവിനു പോലും പണമില്ലാത്ത സാഹചര്യം എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് സർക്കാർ.


കിഫ്ബിക്കും ക്ഷേമ പെൻഷനുമായി എടുത്ത വായ്പകൾ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് കടമെടുക്കാവുന്നതിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. കേരളത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാവുന്ന പരിധിയായി കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. ഇത് നാല് ശതമാനമാക്കിയാൽ സംസ്ഥാനത്തിന് ഇനി 4,550 കോടി കൂടി കടമെടുക്കാനാകും. കേരളം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഇതുവരെ അപേക്ഷ അംഗീകരിച്ചിട്ടില്ല. ഡിസംബറിന് ശേഷമേ കേരളത്തിന് കൂടുതൽ വായ്പ നൽകുന്ന കാര്യം കേന്ദ്രം തീരുമാനിക്കൂ.

അതേസമയം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെടിഡിഎഫ്‌സി) ലിമിറ്റഡിലെ ഒരു നിക്ഷേപകന് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം പറഞ്ഞത്.