മലയാളിക്ക് പ്രിയം ഇലക്ട്രിക് കാറുകളോട്:വൈദ്യുത കാർ വിൽപ്പനയിൽ കേരളം രാജ്യത്ത് രണ്ടാമത്

0
98

ഇന്ത്യയിൽ ഏറ്റവുമധികം ഇലക്ട്രിക് കാറുകൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്. മഹാരാഷ്ട്രയാണ് മുന്നിൽ. ഗുജറാത്തും കർണാടകയുമാണ് കേരളത്തിന് തൊട്ടുപിന്നിൽ. 2023ൽ ഇന്ത്യയിൽ ആകെ വിൽപ്പന നടന്ന 82,000 ഇലക്ട്രിക് കാറുകളിൽ 35 ശതമാനവും വിറ്റത് കേരളം, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ഉപയോക്താക്കൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച അവബോധം വർധിച്ചതും ചാർജിംഗ് സൗകര്യങ്ങളിലെ വളർച്ചയുമാണ് ഈ സംസ്ഥാനങ്ങളിൽ വൈദ്യുത കാർ വിൽപന കൂടാനിടയാക്കിയതെന്നാണ് വിലയിരുത്തൽ.

2023ലെ വിൽപ്പനക്കണക്ക് അനുസരിച്ച്, രാജ്യത്തെ മൊത്തം ഇലക്ട്രിക് കാർ വിപണിയിലെ കേരളത്തിന്റെ വിഹിതം 13.2 ശതമാനമാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളും ഇ.വി വിൽപനയിൽ കുതിക്കുകയാണ്. 4.3ൽ നിന്ന് 6.1 ശതമാനത്തിലേക്കാണ് കഴിഞ്ഞ വർഷം രാജസ്ഥാന്റെ വിഹിതം ഉയർന്നത്. വെറും 0.5 ശതമാനമായിരുന്ന ഉത്തർപ്രദേശിന്റെ വിഹിതം 6 ശതമാനമായാണ് കൂടിയത്.

നെക്സോൺ, ടിയാഗോ, പഞ്ച് തുടങ്ങിയവയുടെ ഇലക്ട്രിക് പതിപ്പുകളുമായി ടാറ്റാ മോട്ടോഴ്‌സാണ് വൈദ്യുത കാർ വിൽപനയിൽ ഇന്ത്യയിൽ മുന്നിൽ. കോമെറ്റ്, ഇസഡ്.എസ് ഇ.വി എന്നിവയുമായി എം.ജി മോട്ടോർ ആണ് തൊട്ടുപിന്നിൽ.