ഇടുക്കിക്കും ഹോള്‍മാര്‍ക്ക്:എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ആദ്യ സംസ്ഥാനമായി കേരളം

0
111

ഇടുക്കിയിൽ ഹോൾമാർക്കിംഗ് സെന്റർ ആരംഭിച്ചതോടെ എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് കേന്ദ്രസർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) സ്വർണാഭരണങ്ങൾക്ക് ഹോൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി/HUID) നിർബന്ധമാക്കിയത്.

ഇടുക്കിയിലെ അടിമാലിയിലും എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്ന ഹോൾമാർക്കിംഗ് സെന്റർ സജ്ജമായതോടെ എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. രാജ്യത്ത് എച്ച്.യു.ഐ.ഡി മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രം ലഭിക്കുന്ന ആദ്യ സമ്പൂർണ ഹോൾമാർക്കിംഗ് സംസ്ഥാനമെന്ന നേട്ടമാണ് കേരളം കൈവരിച്ചത്.

ജുവലറികളിൽ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുകയാണ് എച്ച്.യു.ഐ.ഡിയുടെ ലക്ഷ്യം. ബി.ഐ.എസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി, ആൽഫാന്യൂമറിക് നമ്പർ എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി. ഓരോ സ്വർണാഭരണത്തിനും എച്ച്.യു.ഐ.ഡി വ്യത്യസ്തമാണ്. ജുവലറികൾ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾക്കാണ് എച്ച്.യു.ഐ.ഡി ബാധകം. ഉപഭോക്താവിന്റെ പക്കലുള്ള പഴയ സ്വർണാഭരണത്തിന് ബാധകമല്ല. ഉപഭോക്താവിന്റെ കൈവശമുള്ള എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വർണത്തിനും വിൽക്കുമ്പോഴോ എക്സ്ചേഞ്ച് ചെയ്യുമ്പോഴോ വിപണിവില തന്നെ ലഭിക്കും. സ്വർണം പണയം വയ്ക്കുന്നതിനും തടസമില്ല.


പ്രതിദിനം 250-275 കോടി രൂപയുടെ സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിലെ സ്വർണാഭരണ മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു. 105 ഹോൾമാർക്കിംഗ് സെന്ററുകളാണ് കേരളത്തിൽ നിലവിലുള്ളത്. ഒരു കോടിയിലേറെ ആഭരണങ്ങളിലാണ് കേരളത്തിൽ പ്രതിവർഷം ഹോൾമാർക്കിംഗ് മുദ്ര പതിപ്പിക്കുന്നത്.