കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങൾക്കിടെ സംസ്ഥാനം സ്വന്തമാക്കിയത് 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ. 33,815 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ 5 വർഷത്തിനിടെ കേരളം പൂർത്തിയാക്കിയത്. ഇതുവഴി നേരിട്ടും പരോക്ഷമായും 5 ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിച്ചെന്നും കോൺഫെഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആൻഡ് മാർക്കറ്റിംഗ് ഏജൻസികളുമായി ചേർന്ന് എം.എസ്.എം.ഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2022-23 വരെയുള്ള കണക്കുപ്രകാരം 4.03 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഈ പദ്ധതികളെല്ലാം പൂർത്തിയാകുമ്പോൾ 7 ലക്ഷത്തിലേറെ പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ‘കേരള നിക്ഷേപം, വളർച്ച, വികസനം 2018-19 മുതൽ 2022-23 വരെ’ എന്ന പഠന റിപ്പോർട്ടിൽ പറയുന്നു.
2022-23വരെയുള്ള കണക്കുപ്രകാരം 67,271 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് സ്വകാര്യമേഖലയുടെ കീഴിൽ പുരോഗമിക്കുന്നത്. ഇതിൽ 41,369 കോടി രൂപയുടെ പദ്ധതികൾ സജ്ജമാണ്. കേരളത്തിൽ മാറ്റം പ്രകടമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ടുകളെന്ന് വ്യവസായി മന്ത്രി പി. രാജീവ് പ്രതികരിച്ചു.