8 വർഷം കൊണ്ട് കേരള സർക്കാർ ആകെ സൃഷ്ടിച്ചത് 5,839 തൊഴിലുകൾ

0
302

കഴിഞ്ഞ 8 വർഷം കൊണ്ട് കേരള സർക്കാർ സൃഷ്ടിച്ചത് ആകെ 5,839 തൊഴിലുകൾ. 2016 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 5 കോടി രൂപ വിറ്റുവരവുള്ള കമ്പനികളിൽ 1520.69 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് ഈ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. സംസ്ഥാന സർക്കാരാണ് കമ്പനികളിൽ നിക്ഷേപം നടത്തിയതെന്നാണ് റിപ്പോർട്ട്. പുതുതായി 5,839 തൊഴിലുകൾ മാത്രമാണ് ഇക്കാലയളവിൽ സൃഷ്ടിക്കാൻ സാധിച്ചത്.

സാമൂഹിക പ്രവർത്തകനായ കെ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KSIDC) നൽകിയ സാമ്പത്തിക പിന്തുണയുടെ ആനുകൂല്യം സംസ്ഥാനത്തെ 119 എന്റർപ്രൈസുകൾക്കാണ് ലഭിച്ചത്. കെഎസ്ഐഡിസി ആണ് സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും പിന്തുണ നൽകുന്നത്.


അതേസമയം സർക്കാരിൻെറ ഇയർ ഓഫ് എന്റർപ്രൈസസ് സ്കീമിന് കീഴിൽ കഴിഞ്ഞ 22 മാസത്തിൽ 5 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചതായാണ് സംസ്ഥാന ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറേറ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇക്കാലയളവിൽ 2,36,384 എന്റർപ്രൈസുകൾക്കാണ് തുടക്കമിട്ടതെന്നും ഇതിനായി 14,922 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.