മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്ക് പറന്ന് മലയാളി നഴ്‌സുമാർ:ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം

0
104


മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലേക്കുളള ഇന്ത്യയുടെ ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം. ബ്ലൂ കോളർ വർക്കർ പ്ലാറ്റ്ഫോമായ ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് 2023ൽ യു.എ.ഇയിൽ ഇത്തരം ജോലിക്കാരുടെ ആവശ്യകതയിൽ 3.3 മടങ്ങ് വർധനയുണ്ടായി.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാർ, ഡോക്ടർമാർ, ലബോറട്ടറി ടെക്നീഷ്യൻമാർ അടക്കമുള്ള ആരോഗ്യ സംരക്ഷണ വിദഗ്‌ധരാണ് ഈ മേഖലയിലേക്ക് കുടിയേറുന്നവരിൽ കൂടുതൽ പേരും. പ്രത്യേകിച്ചും കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കുള്ള കുടിയേറ്റമാണ് ഏറ്റവും കൂടുതലെന്നാണ് റിപ്പോർട്ട്. 

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നിവയാണ് തൊഴിൽ അവസരങ്ങൾ തേടുന്ന ഇന്ത്യൻ ഹെൽത്ത്കെയർ പ്രൊഫഷണലുകൾക്ക് ഇഷ്ടപ്പെട്ട രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ റസിഡൻസി വീസകൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, അത്യാധുനിക ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങിയവയാണ് ആകർഷണ ഘടകങ്ങൾ. ഡിപ്ലോമയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾ മുതൽ നഴ്‌സിംഗ്, മെഡിസിൻ എന്നിവയിൽ ഉയർന്ന ബിരുദമുള്ളവർക്ക് വരെ ഈ മേഖലയിൽ ഉയർന്ന ഡിമാൻഡാണ്. പുരുഷ നഴ്‌സുമാരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുന്നതായും ഹണ്ടർ റിപ്പോർട്ട് വ്യക്തമാക്കുന്നു.