മത്സ്യഫെഡിന് കീഴിൽ ‘കേരള സീഫുഡ് കഫേ’ എന്ന പേരിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യ സീഫുഡ് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു. വിഴിഞ്ഞത്തെ ആഴാകുളത്താണ് സീഫുഡ് റെസ്റ്റോറന്റ്. സംസ്ഥാനത്തെമ്പാടും മത്സ്യഫെഡ് സമുദ്രവിഭവങ്ങളാൽ സമ്പന്നമായ റെസ്റ്റോറന്റുകൾ ആരംഭിക്കാനാണ് പദ്ധതി. ജില്ലാ തലസ്ഥാനങ്ങളിലായിരിക്കും ആദ്യം സീഫുഡ് കഫേകൾ ആരംഭിക്കുക. പിന്നാലെ പ്രധാന ടൗണുകളിലും പഞ്ചായത്തുകളിലും കഫേ ആരംഭിക്കും.
ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ സീഫുഡ് കഫേയിൽ സമുദ്ര വിഭവങ്ങൾ ലഭ്യമാക്കും. 1.5 കോടി രൂപ നിക്ഷേപത്തിലാണ് പൂർണമായും ശീതീകരിച്ച കേരള സീഫുഡ് കഫേ റെസ്റ്റോറന്റ് ആരംഭിച്ചത്. 360ഓളം ചതുരശ്ര മീറ്ററിലുള്ള കഫേയിൽ ഒരേസമയം 60 പേർക്ക് ഭക്ഷണം കഴിക്കാം.