സംസ്ഥാനത്തെ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും യാത്ര സൗജന്യം. നവംബര്‍ ഒന്ന് മുതല്‍ സൗജന്യ യാത്ര ആരംഭിക്കും.
സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഭക്ഷണം, താമസസ്ഥലം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് അതിദരിദ്രരായ 64,000ഓളം കുടുംബങ്ങളെ കണ്ടെത്തിയത്. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് അതിദരിദ്രര്‍ കൂടുതലുളളത്. കോട്ടയത്താണ് ഏറ്റവും കുറവ്. 5 വര്‍ഷത്തിനകം സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് സൗജന്യ ബസ് യാത്ര അനുവദിക്കുന്നത്.