ദീർഘദൂര സർവിസുകൾ നടത്തുന്ന പ്രായമായ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആയുസ് നീട്ടി നൽകാൻ സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ദീർഘദൂര സർവിസുകളുടെ ആയുസ് ഒൻപത് വർഷത്തിൽ നിന്ന് 12 വർഷമാക്കാൻ തീരുമാനമെടുത്തത്.
വോൾവോ മൾട്ടി ആക്‌സിൽ, സ്‌കാനിയ ബസുകൾ ഉൾപ്പെടെ 1,695 സൂപ്പർക്ലാസ് ബസുകളാണ് ദീർഘദൂര സർവിസ് നടത്തുന്നത്. പുതിയ വിജ്ഞാപനത്തിലൂടെ 694 ബസുകൾ അധികമായി രണ്ട് വർഷത്തേക്ക് ഉപയോഗിക്കാം. പുതിയ ബസുകൾ വാങ്ങുന്നതിന് പണമില്ലാത്തതിനാൽ ദീർഘദൂര സർവിസ് നടത്തുന്ന ബസുകളുടെ കാലാവധി നേരത്തെ രണ്ടുതവണ കൂട്ടിയിരുന്നു. 2020ൽ അഞ്ചിൽ നിന്ന് ഏഴ് വർഷമായും 2022ൽ ഏഴിൽ നിന്ന് ഒമ്പത് വർഷവുമായാണ് നീട്ടിയത്.
ദീർഘദൂര സർവിസുകൾക്കായി പുതിയ ബസുകൾ വാങ്ങാൻ കിഫ്ബി വഴി 814 കോടി അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ധനവകുപ്പിൽ നിന്ന് ഇതുവരെ നടപടിയായിട്ടില്ല. കിഫ്‌ബി വായ്‌പ ലഭിക്കുന്നത് വരെ ആയുസ് കൂട്ടിയ ബസ് ഓടിക്കാനാണ് തീരുമാനം.