സാമ്പത്തിക പ്രതിസന്ധി രൂക്ഷം:മുൻകൂറായി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
225

സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ജനുവരി-മാർച്ച് കാലയളവിലേക്ക് കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ, ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. 3,800 കോടിയിൽ 1,500 കോടി രൂപ ഈ മാസവും ബാക്കി അടുത്ത മാസവും എടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.


ഡിസംബർ വരെ 21,800 കോടി രൂപ വായ്‌പ എടുക്കാനാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഇതിൽ 52 കോടി മാത്രമാണ് ഇനി ശേഷിക്കുന്നത്. ദൈനംദിന ചെലവുകൾക്ക് ഈ പണം തികയില്ലെന്നതിനാൽ മുൻകൂട്ടി കടമെടുക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) ഒരു ശതമാനം കൂടി കടമനുവദിക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ജി.എസ്.ടി.പിയുടെ മൂന്നു ശതമാനമാണ് വായ്‌പയായി അനുവദിക്കുന്നത്. ഇത് നാല് ശതമാനം ആക്കി ഉയർത്തണമെന്നാണ് ആവശ്യം. ഇത് അനുവദിച്ചാൽ 10,000 കോടി രൂപയെങ്കിലും അധികമായി ലഭിക്കും. ജി.എസ്.ഡി.പിയുടെ എത്ര ശതമാനം കടമുണ്ടെന്ന് നോക്കിയാണ് ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്ന് നിർണയിക്കുന്നത്.