ക്രമക്കേടുകൾ പരിഹരിക്കണം:സഹകരണ മേഖലയിൽ ടീം ഓഡിറ്റ് നടപ്പിലാക്കാൻ സർക്കാർ

0
277

കരുവന്നൂർ സഹകരണ ബാങ്ക്, കണ്ടല സഹകരണ ബാങ്ക് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിൽ അടുത്തിടെ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, ഈ മേഖലയിലെ ഓഡിറ്റിംഗ് പ്രക്രിയയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. മുൻകാല വീഴ്ചകൾ ഉയർത്തിയ ആശങ്കകൾ പരിഹരിച്ച് സുതാര്യതയും നിഷ്പക്ഷതയും വർധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലേക്കും ടീം ഓഡിറ്റ് വ്യാപിപ്പിക്കും.

തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന ഓഡിറ്റ് ഡയറക്ടറുടെ നിർദേശമാണ് സംസ്ഥാന സർക്കാർ അംഗീകരിച്ചത്. 5 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. ഒരു ഓഡിറ്റർക്കു പകരം ഓഡിറ്റർമാരുടെ സംഘമായിരിക്കും ടീം ഓഡിറ്റിൽ ഉണ്ടാവുക. സഹകരണ സംഘങ്ങളിൽ സ്ഥിരമായി ഒരേ ഓഡിറ്റർ തന്നെ ഓഡിറ്റ് ചെയ്യുന്നത് ക്രമക്കേടുകളിലേക്ക് നയിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ടീം ഓഡിറ്റ് പരീക്ഷിച്ചത്.

100 കോടി വരെ പ്രവർത്തന മൂലധനമുള്ള സഹകരണ സംഘങ്ങളിൽ സ്പെഷൽ ഗ്രേഡ്/ സീനിയർ ഓഡിറ്റർമാരും, 100 കോടിക്കും 500 കോടിക്കും ഇടയിൽ പ്രവർത്തന മൂലധനമുള്ള സഹകരണസംഘങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർമാരുമായിരിക്കും ഓഡിറ്റിന് നേതൃത്വം നൽകുക. എന്നാൽ ആവശ്യത്തിന് ഓഡിറ്റർമാരില്ലാതെ ടീം ഓഡിറ്റ് നടത്താനുള്ള തീരുമാനം ഫലവത്താകില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.