അതിവേഗം മുന്നേറുന്നു:കേന്ദ്രത്തിന്റെ ലോജിസ്റ്റിക്സ് പട്ടികയിൽ തിളങ്ങി കേരളം

0
505

ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ലോജിസ്റ്റിക്സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്സ് (LEADS)-2023 റിപ്പോർട്ടിൽ, തീരദേശ സംസ്ഥാനങ്ങളുടെ (Coastal Group) പട്ടികയിൽ ‘അതിവേഗം മുന്നേറുന്നവയുടെ’ (Fast Movers) പട്ടികയിൽ ഇടം പിടിച്ച് കേരളം. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞവർഷവും കേരളം ഈ വിഭാഗത്തിലായിരുന്നു. കോസ്റ്റൽ ഗ്രൂപ്പിൽ നിന്ന് കേരളത്തിന് പുറമേ മഹാരാഷ്ട്രയും ഫാസ്റ്റ് മൂവിംഗ് വിഭാഗത്തിൽ ഇടംപിടിച്ചു.

കയറ്റുമതിയും, ആഭ്യന്തര ചരക്കുനീക്കവും സുഗമമാക്കുക, ഉത്പാദന പ്രക്രിയ മുതൽ ഉത്പന്നം ഉപയോക്താവിന്റെ കൈയിലെത്തും വരെയുള്ള നടപടിക്രമങ്ങൾ കുറ്റമറ്റതാക്കുക, മികച്ച അടിസ്ഥാന സൗകര്യങ്ങളും നിയമങ്ങളും ഒരുക്കുക തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്.

ലോകബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്സ് (LPI) അടിസ്ഥാനമാക്കി നടത്തിയ സർവേയിലൂടെയാണ് സംസ്ഥാനങ്ങളെ വിവിധ ശ്രേണികളായി തിരിച്ചത്. 90 ശതമാനത്തിന് മുകളിൽ മികവ് പുലർത്തിയവർ അച്ചീവേഴ്‌സ് വിഭാഗത്തിലും, 80-90 ശതമാനം മികവ് പുലർത്തിയവർ ഫാസ്റ്റ് മൂവേഴ്‌സ് വിഭാഗത്തിലും, 80 ശതമാനത്തിന് താഴെ മികവ് പുലർത്തിയവർ ആസ്‌പയറേഴ്‌സ് വിഭാഗത്തിലുമാണുള്ളത്. തീരദേശ സംസ്ഥാനങ്ങൾ, ലാൻഡ്‌ലോക്ക്‌ഡ് സംസ്ഥാനങ്ങൾ, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് സംസ്ഥാനങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയത്.