നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതമായി ഫെബ്രുവരിയിൽ മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം. മൂന്ന് ഗഡുക്കളായാണ് വിഹിതം ലഭിക്കുക. 2,736 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന സംസ്ഥാന സർക്കാരിന് ആശ്വാസമേകുന്നതാണ് കേന്ദ്രത്തിൻ്റെ നടപടി.
ഫെബ്രുവരിയിലെ നികുതി വിഹിതമായി ഉത്തർപ്രദേശിന് 25,495 കോടി രൂപയാണ് അനുവദിച്ചത്. ബംഗാളിന് 10,692 കോടി രൂപയും, മദ്ധ്യപ്രദേശിന് 11,157 കോടി രൂപയും, ബിഹാറിന് 14,295 കോടി രൂപയും അനുവദിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാടിന് 5,797 കോടി രൂപയും തെലങ്കാനയ്ക്ക് 2,987 കോടി രൂപയും ലഭിച്ചു. 5,183 കോടി രൂപയാണ് കർണാടകയ്ക്ക് ലഭിച്ചത്. ആന്ധ്രയ്ക്ക് 5,752 കോടി രൂപയും നൽകി. ഗോവ (549 കോടി രൂപ), സിക്കിം (551 കോടി രൂപ) എന്നിവയാണ് ഏറ്റവും കുറഞ്ഞ നികുതിവിഹിതം നേടിയ സംസ്ഥാനങ്ങൾ.