ലോകം ഉറ്റുനോക്കുന്ന അത്ഭുതപദാര്‍ഥമാണ് ഇന്ന് ഗ്രാഫീന്‍. ഉയര്‍ന്ന താപചാലകത, ശക്തി തുടങ്ങി അതിശയിപ്പിക്കുന്ന നിരവധി ഗുണങ്ങള്‍ ഗ്രാഫീനെ ഇലക്ട്രോണിക്സ് മുതല്‍ സെറാമിക് ആപ്ലിക്കേഷനുകളില്‍ വരെ ഉപയോഗപ്രദമാക്കുന്നു. ഈ സാധ്യതകള്‍ മനസ്സിലാക്കി കേരളം വിഭാവനം ചെയ്യുന്ന ഗ്രാഫീന്‍ ഇക്കോസിസ്റ്റത്തെ കുറിച്ച് കൂടുതൽ അറിയാം.
മൂന്നു സുപ്രധാന ഘടകങ്ങളെ ഉള്‍പ്പെടുത്തിയാണ് നിര്‍ദിഷ്ട ഗ്രാഫീന്‍ ഇക്കോസിസ്റ്റം വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യ വികസനത്തിനായി ഇന്ത്യ ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രാഫീന്‍, ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീന്‍ ഉത്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ഒരു മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി, ഗ്രാഫീനും, മറ്റു നാനോ വസ്തുക്കളും അടിസ്ഥാനപ്പെടുത്തിയുള്ള വ്യാവസായിക യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മെറ്റീരിയല്‍ ടെക്നോളജി പാര്‍ക്ക് എന്നിവയാണവ. ഇന്ത്യ ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രാഫീന്‍ സ്ഥാപിക്കുന്നതിനായി 86.41 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി നടപ്പിലാക്കുന്നതിനായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി 237 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റിയുടെ നിര്‍വ്വഹണ ഏജന്‍സിയായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയെയാണ് നിയോഗിച്ചിരിക്കുന്നത്.
വ്യാവസായിക യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മെറ്റീരിയല്‍ ടെക്നോളജി പാര്‍ക്കിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പര്‍പ്പസ് വെഹിക്കിള്‍ ആയി കേരള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറഷനെയും നിയോഗിച്ചിട്ടുണ്ട്. ഇതിലേക്കായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കുവാന്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് അനുമതിയും നല്‍കി. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ അദ്ധ്യക്ഷതയില്‍ വ്യവസായ വകുപ്പ്, ഇലക്ട്രോണിക്സ് & വിവര സാങ്കേതിക വിദ്യ വകുപ്പ്, കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള മാനേജിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
സിലിക്കണിന് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച ഇലക്ട്രോ തെര്‍മല്‍ കണ്ടക്ടറായിരിക്കും ഗ്രാഫീന്‍ എന്നും ഇത് അടുത്ത തലമുറയില്‍ ഇലക്ട്രോണിക്സില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ മുന്നോടിയായിരിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം തന്നെ ഊര്‍ജ ഉത്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ക്ക് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും പുതിയ ഗ്രാഫീന്‍ ഗവേഷണത്തില്‍ പങ്കെടുക്കാനും സംഭാവന നല്‍കാനും കേരളത്തിന് കഴിയും. അതേ സമയം തന്നെ ഈ സംരംഭം സംസ്ഥാനത്തെ ശാസ്ത്ര ഗവേഷണ-വ്യാവസായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയും ചെയ്യും.
ഗ്രാഫീന്‍, അറോറ പ്രോഗ്രാമുകളിലൂടെ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് നിക്ഷേപകരെ ആകര്‍ഷിക്കാനാകും. ശാസ്ത്ര ഗവേഷണത്തിനും സംസ്ഥാനത്തിന്‍റെ വ്യാവസായിക മേഖലയ്ക്കും കുതിപ്പേകുന്നതാണ് പദ്ധതി. ഗ്രാഫീന്‍ ആവാസ വ്യവസ്ഥയിലൂടെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി കേരളം മാറും.