സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം വളരുന്നു:സാമ്പത്തിക വളർച്ച 6.6 ശതമാനം

0
167

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച (GSDP) 6.6 ശതമാനം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021-22ലെ 5.78 ലക്ഷം കോടി രൂപയിൽ നിന്ന് സ്ഥിരവിലയിൽ 6.16 ലക്ഷം കോടി രൂപയായാണ് കേരളത്തിന്റെ ജി.എസ്.ഡി.പി വളർന്നത്. 2021-22ൽ 12.97 ശതമാനമായിരുന്നു കേരളത്തിന്റെ വളർച്ച. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21ൽ വളർച്ചാനിരക്ക് -8.49 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.

2021-22ലെ 1.64 രൂപയിൽ നിന്ന് 2022-23ൽ 1.74 ലക്ഷം രൂപയായാണ് സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ ജി.എസ്.ഡി.പി (Per Capita GSDP) വളർന്നത്. 6.06 ശതമാനമാണ് വളർച്ച. ഇത് ദേശീയ ശരാശരിയായ 5.9 ശതമാനത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. ദേശീയ ശരാശരി 1.15 ലക്ഷം രൂപയാണെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നത്.

2022-23ൽ 2.38 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ പൊതുകടം (public debt). 10.16 ശതമാനത്തിൽ നിന്ന് 8.19 ശതമാനത്തിലേക്ക് പൊതുകടത്തിന്റെ വാർഷിക വളർച്ചാനിരക്ക് താഴ്ന്നു. 2021-22ൽ പൊതുകടം 2.19 ലക്ഷം കോടി രൂപയായിരുന്നു. സംസ്ഥാന ജി.എസ്.ഡി.പിയിലെ പൊതുകടത്തിന്റെ അനുപാതം 2021-22ലെ 23.54 ശതമാനത്തിൽ നിന്ന് 2022-23ൽ 22.75 ശതമാനത്തിലേക്ക് താഴ്ന്നു‌. മൊത്തം കടബാധ്യതയുടെ അനുപാതം 35.92 ശതമാനത്തിൽ നിന്ന് 34.62 ശതമാനത്തിലേക്കും കുറഞ്ഞു. കേരളത്തിന്റെ പൊതുകടത്തിൽ 95.44 ശതമാനവും ആഭ്യന്തര കടമാണ്. ഇത് 2021- 22ലെ 2.10 ലക്ഷം കോടി രൂപയിൽ നിന്ന് 2022-23ൽ 10.78 ശതമാനം വർധിച്ച് 2.27 ലക്ഷം കോടി രൂപയായി. 4.56 ശതമാനം മാത്രമാണ് കേന്ദ്ര സർക്കാരിന്റെ വായ്‌പകളുടെ വിഹിതം. ഇത് 9,182.96 കോടി രൂപയിൽ നിന്ന് 10,863.90 കോടി രൂപയായും ഉയർന്നു.