ദിവസ വേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം. 764.3 രൂപയാണ് കേരളത്തിലെ ദിവസക്കൂലി. റിസർവ്വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം മധ്യ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിൽ. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദിവസക്കൂലിയാണ് മധ്യപ്രദേശ് നൽകുന്നത്. 229.2 രൂപയാണ് മധ്യപ്രദേശിലെ പുരുഷന്മാർക്കുള്ള ദിവസക്കൂലി. ഗുജറാത്തിൽ ഇത് 241.9 രൂപയാണ്. ദേശീയ ശരാശരി 345.7 രൂപ ആയിരിക്കെയാണ് ഈ സംസ്ഥാനങ്ങളില്‍ ഇത്രയും കുറഞ്ഞ ദിവസക്കൂലി നൽകുന്നത്.
കേരളത്തില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പുരുഷന് മാസത്തിലെ 25 ദിവസം ജോലി ചെയ്താൽ കിട്ടുന്നത് 19107 രൂപയാണ്. ഗുജറാത്തില്‍ ഇത് 6047 രൂപയും, മധ്യപ്രദേശിൽ 5730 രൂപയുമാണ്. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂർത്തിയാക്കാന്‍ ഈ തുക കൊണ്ട് സാധിക്കില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദിവസക്കൂലി കുറവുള്ള സംസ്ഥാനങ്ങളില്‍ ഉത്തർ പ്രദേശുമുണ്ട്. 309.3 രൂപയാണ് ഉത്തർ പ്രദേശിലെ ദിവസക്കൂലി. ഒഡിഷയിൽ 285.1 രൂപയും, മഹാരാഷ്ട്രയിൽ 303.5 രൂപയാണ് ദിവസക്കൂലി. ഇതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ദിവസക്കൂലി ജോലികൾക്കായി തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തുന്നതെന്നും കണക്കുകള്‍ പറയുന്നു.
25 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളതെന്നാണ് കണക്ക്. ജമ്മു കശ്മീരിൽ 550.4 രൂപയും, ഹിമാചൽ പ്രദേശില്‍ 473.3 രൂപയും, തമിഴ്നാട്ടിൽ 470 രൂപയുമാണ് ദിവസക്കൂലി. കാർഷികേതര മേഖലയിലെ ദിവസക്കൂലിയിലും മധ്യപ്രദേശ് പിന്നിലാണ്. 246.3 രൂപ. ഗുജറാത്തിൽ ഇത് 273.1ഉം ത്രിപുരയിൽ 280.6 രൂപയുമാണ്. കേരളത്തിൽ കാർഷികേതര മേഖലയിലെ ദിവസക്കൂലി 696.6 രൂപയാണ്. 517.9 രൂപയുമായി ജമ്മു കശ്മീരാണ് തൊട്ട് പിന്നാലെയുള്ളത്. തമിഴ്നാട്ടിൽ 481.5 രൂപയും, ഹരിയാനയിൽ 451 രൂപയുമാണ്.