അനുവദിച്ച 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളി ദിവസങ്ങൾക്കകമാണ് ഈ നടപടി. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് കേന്ദ്രത്തിനെതിരെയുള്ള ഹർജി പിൻവലിക്കാതെ തന്നെ കേരളത്തിന് വായ്പ ലഭിക്കുന്നത്.
റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയുമാണ് നടക്കുക. കടമെടുപ്പിനുളള അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷ നൽകി കേരളത്തിന് പങ്കെടുക്കാനാകില്ല. അതിനാൽ അടുത്ത ചൊവാഴ്ച(19–3-2024) നടക്കുന്ന ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിലെത്തും. ഈ മാസത്തെ ട്രഷറി വഴിയുള്ള ചെലവുകൾക്ക് അങ്ങനെ തുക ലഭിക്കും. നേരത്തെ കേരളം നൽകിയ ഹർജിയിൽ 13,000 കോടി രൂപ സംസ്ഥാനത്തിന് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.
കിഫ്ബിക്കും സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്കും എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽനിന്ന് ഒഴിവാക്കണമെന്നതാണ് കേരളത്തിന്റെ ആത്യന്തിക ആവശ്യം. ഇതിനു തയ്യാറല്ലെന്നാണ് സംസ്ഥാനവുമായി നടത്തിയ ചർച്ചയിൽ കേന്ദ്രം അറിയിച്ചത്. എന്നാൽ സുപ്രിം കോടതിയിൽ തുടരുന്ന നിയമപോരാട്ടത്തിൽ സംസ്ഥാനത്തിന് അനുകൂലമായൊരു നടപടി ഉണ്ടാവുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.