കളള് ചെത്തി ഇറക്കാൻ റോബോട്ട്:ചെത്തുകാരൻ ചെയ്യുന്ന എല്ലാ ജോലിയും സാപ്പര്‍ ചെയ്യും

0
123

തെങ്ങില്‍ നിന്ന് കളള് ചെത്തി ഇറക്കാൻ റോബോട്ടിനെ നിർമ്മിച്ച് കളമശ്ശേരിയിലെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. സാപ്പര്‍ (SAPER) എന്ന മിനി റോബോട്ട് ഒരു ചെത്തുകാരൻ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യും. സാപ്പറിന്റെ സഹായത്തോടെ തെങ്ങിന്റെ മുകളില്‍ നിന്നും ട്യൂബ് വഴി കള്ള് താഴേക്ക് എത്തും. ലോകത്തിലെ ആദ്യത്തെ കോക്കനട്ട് സീറം ടാപ്പിംഗ് റോബോട്ട് ആണ് സാപ്പര്‍. ഒരു പരമ്പരാഗത ടാപ്പറുടെ എല്ലാ പ്രവർത്തനങ്ങളും സാപ്പറിന് ചെയ്യാൻ കഴിയും.

ഒരു ടാപ്പർ റോബോട്ടിന് ഒരു ഹെക്ടർ ഭൂമി കൈകാര്യം ചെയ്യാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും. കൃത്യമായ റോബോട്ടിക് കട്ടിംഗ് സംവിധാനം ഉപയോഗിച്ച് പൂങ്കുലയുടെ വിളവ് ഇരട്ടിയാകും. മെഷീന്‍ കുലയില്‍ ഘടിപ്പിക്കാന്‍ മാത്രം തെങ്ങില്‍ കയറിയാല്‍ മതി. സ്മാര്‍ട്ട് ഫോണ്‍ വഴി പ്രോഗ്രാം നടത്തിയാണ് ബാക്കി പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സീറോ കാർബൺ ബഹിർഗമനമുള്ള റോബോട്ട് മരം കയറ്റത്തിനിടെ ഉണ്ടാകുന്ന മാരകമായ വീഴ്ചകൾ ഉൾപ്പെടെയുള്ള അപകടസാധ്യതകളും കുറയ്ക്കും.


28 പ്രമുഖ നാളികേര വികസ്വര രാജ്യങ്ങളിൽ സാപ്പറിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ബാറ്ററി ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്ന സാപ്പര്‍ മെഷീനായി കുറഞ്ഞ അളവിലേ വൈദ്യുതി ചിലവാകൂ. സോളാറിലും റോബോട്ട് പ്രവര്‍ത്തിപ്പിക്കാം. 10 മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മാസം ഒരു യൂണിറ്റ് വൈദ്യുതി മതിയാകും.