ആഗോള അംഗീകാരത്തിൽ കേരള സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്. ഡി-ഗ്ലോബലിസ്റ്റിന്റെ പങ്കാളിത്തത്തോടെ ഫോബ്സ് തെരഞ്ഞെടുത്ത ടോപ് 200 കമ്പനികളുടെ ലിസ്റ്റിലാണ് തിരുവനന്തപുരം ആസ്ഥാനമായ ജെൻ റോബോട്ടിക്സ് ഇടം പിടിച്ചത്.
റോബോട്ടിക്സ് മേഖലയിലെ ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസിന്റെ സുപ്രധാന സംഭാവനകൾ കണക്കിലെടുത്താണ് അംഗീകാരം. ആഗോള തലത്തിൽ സ്വാധീനം ചെലുത്തുന്ന കമ്പനികളെയാണ് ഈ ലിസ്റ്റിംഗിൽ പ്രധാനമായും തെരഞ്ഞെടുത്തിട്ടുള്ളത്. ആഗോള തലത്തിൽ നെറ്റ് വർക്കിംഗിലൂടെ കമ്പനികളെ വളരാൻ സഹായിക്കുന്ന സംരംഭമാണ് ഡി-ഗ്ലോബലിസ്റ്റ്.
‘ഫോബ്സ് അണ്ടർ 30 ഏഷ്യ’ ലിസ്റ്റിലും ജെൻ റോബോട്ടിക്സ് ഇടം പിടിച്ചിരുന്നു. ജെൻ റോബോട്ടിക്‌സ് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെഞ്ചറായ ബാൻഡികൂട്ട് ഇന്ന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആസിയാൻ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. ഇതിനുപുറമെ, ജെൻ റോബോട്ടിക്‌സിന്റെ മിഷൻ റോബോ-ഹോൾ പദ്ധതി 3000-ലധികം ശുചീകരണ തൊഴിലാളികളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. കൂടാതെ അപകടം മൂലമോ പക്ഷാഘാതം ബാധിച്ചോ തളർന്നു പോയ രോഗികളെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്ന ജി-ഗെയ്‌റ്റർ റോബോട്ടും ജെൻ റോബോട്ടിക്സ് അടുത്തിടെ പുറത്തിറക്കിയിരുന്നു.