സംസ്ഥാന സര്‍ക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ സ്ട്രീറ്റിന് രാജ്യാന്തര പുരസ്‌കാരം. ടൂറിസം കേന്ദ്രങ്ങളിലെ സാമൂഹിക വികസനത്തിന്റെ ഭാഗമായി ‘സ്ട്രീറ്റ് ‘പദ്ധതി വഴി നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണു ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ആഗോള പുരസ്‌കാരം നേടിക്കൊടുത്തത്.
ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ പ്രഖ്യാപിത നയത്തിന്റെ ചുവടുപിടിച്ചാണു സംസ്ഥാന ടൂറിസം വകുപ്പ് ‘സ്ട്രീറ്റ്’ പദ്ധതി ആവിഷ്‌കരിച്ചത്. കേരള ടൂറിസത്തിന്റെ ലോകപ്രശസ്തമായ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായാണു ‘സ്ട്രീറ്റ്’ നടപ്പാക്കി വരുന്നത്. ജല സംരക്ഷണം, ജല ലഭ്യത മെച്ചപ്പെടുത്തല്‍, എന്നീ ഘടകങ്ങളാണു പുരസ്‌കാരം നേടാന്‍ ‘സ്ട്രീറ്റി’നെ സഹായിച്ചത്. സസ്റ്റെയിനബിള്‍, ടാന്‍ജിബിള്‍, റെസ്‌പോണ്‍സിബിള്‍, എക്‌സ്പീരിയന്‍ഷ്യല്‍, എത്തിനിക് ടൂറിസം എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്ട്രീറ്റ് ‘.
പുതിയ ചുവടുവയ്പുകളുമായി മുന്നോട്ടു പോകാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നതാണ് ‘സ്ട്രീറ്റ്’ പദ്ധതിക്കു ലഭിച്ച ആഗോള പുരസ്‌കാരമെന്നു സംസ്ഥാന ടൂറിസം മന്ത്രി പി. എ .മുഹമ്മദ് റിയാസ് പറഞ്ഞു.
ലോക പ്രശസ്തമായ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായ കുമരകത്തിനടുത്തുള്ള മറവന്‍തുരുത്താണ് ‘വാട്ടര്‍ സ്ട്രീറ്റ്’ പദ്ധതിയിലെ പ്രധാന ഇടം. ഇവിടെ 18 തോടുകള്‍, മൂന്നു നദികള്‍, കായല്‍ എന്നിവ ഉള്‍പ്പെടുത്തി വാട്ടര്‍ സ്ട്രീറ്റാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികള്‍, ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍, പഞ്ചായത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതിക്കായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഇതിനായി തോടുകളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം കൊണ്ട് ബലപ്പെടുത്തി പൂന്തോട്ടം, ഔഷധസസ്യങ്ങള്‍, പച്ചക്കറി എന്നിവ നട്ടുപിടിപ്പിച്ചു. വെള്ളം തെളിഞ്ഞതോടെ കയാക്കിംഗ്, നാടന്‍ വള്ളം, ഷിക്കാര എന്നിവ ഇതിലൂടെ പോകാന്‍ തുടങ്ങി. പ്രാദേശിക ഉത്പന്നങ്ങളുടെ വില്പന, ചൂണ്ടയിടല്‍, മീന്‍പിടിത്തം എന്നിവയും സംഘടിപ്പിച്ചു.
കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ്. ശ്രീനിവാസ്, ഡയറക്ടര്‍ പി. ബി. നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, എന്നിവരും ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു.