ഭാവിയുടെ സൂപ്പർ ചാലകം:ഗ്രാഫീന്റെ ഉത്പാദന ഹബ്ബാകാൻ കേരളം

0
649

ഗ്രാഫീന്റെ പരീക്ഷണാർത്ഥമുള്ള ഉത്പാദന കേന്ദ്രം കേരളത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭയുടെ അനുമതി. 237 കോടി രൂപ ചെലവിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ ഉത്പാദന കേന്ദ്രം സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഗ്രാഫീൻ ഉത്പ്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് പദ്ധതി സഹായകമാകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയായിരിക്കും നിർവ്വഹണ ഏജൻസി. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് കിൻഫ്രയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസൽ തയ്യാറാക്കുന്നതിനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ കണ്ടെത്തുന്നതിനും ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് അനുമതി നൽകിയിട്ടുണ്ട്.

വജ്രത്തേക്കാൾ ശക്തവും ഉരുക്കിനേക്കാൾ 200 മടങ്ങ് കട്ടിയുമുള്ള ഭാവിയുടെ സൂപ്പർ ചാലകം എന്ന് വിളിക്കപ്പെടുന്ന പദാർത്ഥമാണ് ഗ്രാഫീൻ. ഭാരം തീരെ കുറഞ്ഞ ഗ്രാഫീന് വൈദ്യുതി ചാലകശേഷി കൂടുതലാണ്. കാർബൺ ആറ്റങ്ങളുടെ പരന്ന പാളിയാണിത്. വളരെ നേർമയാക്കി ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതായത് ഒരു ഔൺസ് ഗ്രാഫീന് 28 ഫുട്ബോൾ ഗ്രൗണ്ടിൽ പടർന്നു കിടക്കാൻ കഴിയും.

വൈദ്യശാസ്ത്രം, നാനോ ടെക്നോളജി, സ്പേസ് ടെക്നോളജി, ഇലക്ട്രോണിക്സ്, ഊർജോത്പാദനം തുടങ്ങിയ മേഖലകളിലൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഗ്രാഫീന് കഴിയും. നിലവിൽ അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി സിലിക്കണാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതിനേക്കാൾ ഗുണമേന്മയുള്ള ഉത്പന്നമാണ് ഗ്രാഫീൻ. എൽ.ഇ.ഡി ബൾബുകളേക്കാൾ പത്ത് ശതമാനം കുറവ് വൈദ്യുതി മതി ഗ്രാഫീൻ ബൾബുകൾക്ക്. പ്രകൃതിയിൽ വലിയ തോതിൽ ഗ്രാഫീൻ ലഭ്യമാണ്. ഭാവിയിലെ ഭൗതിക സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഒരു ഗ്രാഫീൻ ഇക്കോസിസ്റ്റം സ്ഥാപിക്കുമെന്ന് ഇടതുപക്ഷ സർക്കാർ 2022-23 ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.