സ്റ്റാർട്ടപ്പ് റാങ്കിംഗിൽ രാജ്യത്ത് മുന്നിലെത്തി കേരളം. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വാണിജ്യ മന്ത്രാലയവും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള സ്റ്റാർട്ടപ്പ് റാങ്കിംഗിന്റെ നാലാം എഡിഷനാണിത്. ‘ബെസ്റ്റ് പെർഫോമർ’ പുരസ്‌കാരമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്ത് 1,283 സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്തത്.
വിഭവ ശേഷി വികസനം, നിക്ഷേപ-സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇൻകുബേഷൻ, മെൻർഷിപ്പ് സേവനങ്ങൾ, നൂതനത്വം, മികച്ച സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് കേരളത്തിന്റെ മികവ് അംഗീകരിക്കപ്പെട്ടതെന്ന് കേന്ദ്രസർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രോമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിന്റെ റാങ്കിംഗിൽ പറയുന്നു.
ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഒരുക്കുന്നതിൽ മുന്നിലുണ്ട്. മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ‘ലീഡേഴ്‌സ്’ എന്ന കാറ്റഗറിയിൽ ജേതാക്കളായി. തമിഴ്‌നാട്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളും സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.