ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പാസ്പോർട്ട് ഉള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ പാസ്പോർട്ട് ഡേറ്റ പ്രകാരം 4 കോടി ജനസംഖ്യയുള്ള കേരളത്തിൽ 99 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്. 13 കോടി ജനസംഖ്യയിൽ 98 ലക്ഷം പാസ്പോർട്ട് ഉടമകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്.
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 88 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്. ഏകദേശം 24 കോടിയാണ് ഇവിടുത്തെ ജനസംഖ്യ. വിദേശ കുടിയേറ്റത്തിന് പേരുകേട്ട പഞ്ചാബിൽ 70.14 ലക്ഷം പേർക്ക് മാത്രമാണ് പാസ്പോർട്ടുളളത്.
വനിതാ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. 99 ലക്ഷം പാസ്പോർട്ടുകളിൽ 42 ലക്ഷവും സ്ത്രീകളുടേതാണ്. 40.8 ലക്ഷം സ്ത്രീ പാസ്പോർട്ട് ഉടമകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. യു.പിയിലെ പാസ്പോർട്ട് ഉടമകളിൽ 80 ശതമാനത്തിലധികവും പുരുഷന്മാരാണ്. 17.3 ലക്ഷം സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പാസ്പോർട്ട് ഉള്ളത്. രാജ്യത്തെ മൊത്തം പാസ്പോർട്ട് ഉടമകളിൽ 35 ശതമാനം മാത്രമാണ് വനിതാ പാസ്പോർട്ട് ഉടമകളുടെ വിഹിതം. മൊത്തം 8.8 കോടി പാസ്പോർട്ടുകളിൽ 3.1 കോടിയാണ് സ്ത്രീകൾക്കുള്ളത്.